കൊച്ചി: സാധാരണക്കാരുടെ ആശങ്ക കൂട്ടി രാജ്യത്ത് ഇന്നും ഡീസൽ വില കൂടി. ഒരു ലിറ്റർ ഡീസലിന് 45 പൈസയാണ് വർദ്ധിപ്പിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന് 75.72രൂപയാണ് ഇന്നത്തെ വില. അതേസമയം, പെട്രോൾ വിലയിൽ ബുധനാഴ്ച മാറ്റമില്ല. ഒരു ലിറ്റർ പെട്രോളിന് 80.02 രൂപയാണ്.
തുടർച്ചയായ പതിനെട്ടാം ദിനമാണ് ഡീസൽ വില കൂടുന്നത്. 9.92 രൂപയാണ് ഡീസലിന് കഴിഞ്ഞ പതിനെട്ട് ദിവസം കൊണ്ട് കൂട്ടിയത്.വിലവർദ്ധനയ്‌ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്നത് പെട്രോളിനും ഡീസലിനും കാര്യമായ വിലക്കുറവുണ്ടാക്കുമെന്നായിരുന്നു ജനങ്ങളുടെ കണക്കുകൂട്ടൽ. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി വില ഉയരുകയാണ് ചെയ്യുന്നത്. കേന്ദ്ര സർക്കാർ എക്‌സൈസ് നികുതി വർദ്ധിപ്പിച്ചതിനെ തുടർന്നാണ് വിലവർദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.