വെള്ളിത്തിരയിൽ സ്വന്തം മുഖം തെളിയുന്നത് സ്വപ്നം കണ്ട് നടന്ന ഒരു പെൺകുട്ടി. ഊണിലും ഉറക്കത്തിലുമൊക്കെ സിനിമാനടിയാവുക എന്നൊരു ചിന്ത മാത്രം. പക്ഷേ, സിനിമയിലേക്കെത്താൻ ഒരു വഴിയും അവൾക്ക് മുന്നിലുണ്ടായിരുന്നില്ല. അങ്ങനെ ഒരു നിവൃത്തിയുമില്ലാതെ ആ സിനിമാഭ്രാന്തിനെ അവൾ മനസിൽ തളച്ചിട്ടു... പക്ഷേ, നിനച്ചിരിക്കാത്ത നേരത്ത് അവളെത്തേടി സിനിമയെത്തി...ആ കഥ മറഡോണ എന്ന സിനിമയിൽ ടൊവിനോ തോമസിന്റെ നായിക യായി അരങ്ങേറിയ ശരണ്യ ആർ. നായർ പറയുന്നു
സിനിമ സ്വപ്നമായിരുന്നോ?
അതു പിന്നെ പറയണോ? പണ്ട് സിനിമ മാത്രമായിരുന്നു എന്റെ സ്വപ്നം. കിട്ടില്ലെന്നറിഞ്ഞാലും നമ്മൾ പലതും ഇങ്ങനെ ആഗ്രഹിക്കാറുണ്ട്. പണ്ടുമുതലേ സിനിമകളൊക്കെ, പ്രത്യേകിച്ച് ഹിന്ദി സിനിമകൾ കുറെ കാണുമായിരുന്നു. കജോളിന്റെയൊക്കെ ഡയലോഗുകൾ കണ്ണാടിക്ക് മുന്നിലും വീട്ടുകാരുടെ മുന്നിലും അനുകരിക്കുമായിരുന്നു. സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോൾ നാടകവും നൃത്തവും സ്കിറ്റുമൊക്കെ ചെയ്തിട്ടുണ്ട്. കൊച്ചി കുസാറ്റിലായിരുന്നു എം. ബി. എ ചെയ്തത്. പഠനം കഴിഞ്ഞപ്പോൾ കാമ്പസ് സെലക് ഷൻ കിട്ടി. അപ്പോഴേക്കും സിനിമ ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് ഉറപ്പിച്ചിരുന്നു.
സിനിമയിലേക്കുള്ള വിളി വന്നത്
എപ്പോഴാണ് ?
സി. ജി.എച്ച് എർത്ത് എന്ന സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് ഒപ്പം പഠിച്ച മഹേഷിന്റെ വിളി വന്നത്. ദിലീഷ് പോത്തന്റെയും ആഷിഖ് അബുവിന്റെയുമൊക്കെ കൂടെ വർക്ക് ചെയ്തിട്ടുള്ള വിഷ്ണുനാരായണന്റെ ആദ്യസിനിമയിലേക്ക് ഓഡിഷൻ നടക്കുന്നുണ്ടെന്ന് അവൻ പറഞ്ഞു. ഞാനത് കാര്യമായി എടുത്തില്ല.ഷോർട്ട് ഫിലിമോ ഡോക്യുമെന്ററിയോ മറ്രോ ആകുമെന്ന് കരുതി. എന്തായാലും ഒന്ന് മുഖം കാണിച്ചിട്ട് വരാമെന്ന് കരുതി.കൂളായിട്ട് ഒാഡിഷനിൽ പങ്കെടുത്തു.
സെലക് ഷൻ കിട്ടുമെന്ന്
പ്രതീക്ഷിച്ചിരുന്നോ?
ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. സംവിധായകൻ പറഞ്ഞപോലെയൊക്കെ അഭിനയിച്ച് കാണിച്ചു എന്നല്ലാതെ എനിക്ക് ഒരു ആത്മവിശ്വാസവും തോന്നിയില്ല. ഒരു അവധി ദിവസത്തെ നേരംപോക്കു മാത്രമായിരുന്നു അത്. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് കാൾ വന്നു .ഒന്നുകൂടി വരണമെന്ന് പറഞ്ഞു. എന്തിനാ വിളിക്കുന്നേ എന്നാലോചിച്ച് ടെൻഷനായി. ജോലിക്ക് പ്രവേശിച്ചിട്ട് ഒരുമാസമേ ആയുള്ളു. ലീവും കിട്ടില്ല. ഭാഗ്യത്തിന് അടുത്ത ഓഡിഷൻ ഞായറാഴ്ചയായിരുന്നു. അന്നാണ് എന്നെ ശരിക്കും സിനിമ വിളിച്ചത്.മറഡോണയിലേക്ക് നായികയായി സെലക് ഷൻ കിട്ടിയത് അപ്പോഴാണ്.
നായികയാണെന്നറിഞ്ഞപ്പോൾ
എന്തു തോന്നി?
എനിക്ക് വിശ്വാസം വന്നില്ല. ഓഡിഷന് പോയത് തന്നെ സിനിമയാണെന്ന വിശ്വാസത്തിലല്ലല്ലോ. പിന്നെ സിനിമയിൽ നായികയാണെന്ന് പറഞ്ഞപ്പോൾ എന്നെ പറ്റിക്കുകയാണെന്നാണ് ആദ്യം കരുതിയത്. അതിനുശേഷം സംവിധായകൻ വിളിച്ചിരുത്തി കഥ പറഞ്ഞുതന്നു. എന്നിട്ടും വിശ്വാസമായില്ല. ഒടുവിൽ പത്രസമ്മേളനം നടത്തിയപ്പോഴാണ് വിശ്വാസം വന്നത്.
വീട്ടുകാർ എങ്ങനെ പ്രതികരിച്ചു?
അവർക്കും സന്തോഷമായി. എന്റെ സിനിമാഭ്രാന്തിനെപ്പറ്റി നന്നായി അറിയുന്നത് അവർക്കാണല്ലോ. ഓഡിഷന് പോകുന്ന കാര്യമൊന്നും വീട്ടിൽ പറഞ്ഞിരുന്നില്ല. പക്ഷേ സെലക്ട് ചെയ്തപ്പോൾ പറഞ്ഞു. എല്ലാവരും അഭിനന്ദിച്ചു. എന്റെ വീട്ടുകാർ എപ്പോഴും എനിക്ക് ഒപ്പം നിൽക്കുന്നവരാണ്. എന്റെ ഇഷ്ടങ്ങളോട് നോ പറയില്ല. പക്ഷേ എല്ലാ ഉത്തരവാദിത്വവും എനിക്ക് തന്നെയാകും.
എങ്ങനെയുണ്ടായിരുന്നു
ലൊക്കേഷൻ അനുഭവങ്ങൾ?
ജീവിതത്തിലാദ്യമായാണ് ഞാൻ ഷൂട്ടിംഗ് ലൊക്കേഷൻ കണ്ടത്. ഷൂട്ടിംഗിന് ഉപയോഗിക്കുന്ന സാങ്കേതിക വാക്കുകളെക്കുറിച്ചൊന്നും ഒരു പിടിയും ഉണ്ടായിരുന്നില്ല. ലൊക്കേഷനിനുള്ളവരെല്ലാം ഒരുപാട് സഹായിച്ചു.
ആദ്യ രംഗം എന്തായിരുന്നു?
എന്റെ ആദ്യത്തെ സീൻ ടൊവിനോയ്ക്കൊപ്പമായിരുന്നു. അതും റൊമാൻസ് സീൻ. അതിന് വേണ്ടി തയ്യാറെടുക്കാൻ ടൊവിനോയും സംവിധായകൻ വിഷ്ണു ഏട്ടനും തിരക്കഥാകൃത്ത് കൃഷ്ണമൂർത്തി ചേട്ടനും ഒരുപാട് സഹായിച്ചു. സമയമെടുത്തു ചെയ്യാനുള്ള അവസരവും അവർ തന്നു.
ജോലി ഉപേക്ഷിച്ചോ?
ഇല്ല .ഇപ്പോൾ മറ്റൊരു സിനിമയിൽ നായികയായി അഭിനയിച്ചു കഴിഞ്ഞു. മനുപിള്ള (തീവണ്ടി ഫെയിം) ആദ്യമായി നായകനാകുന്ന 2 സ്റ്റേറ്റ്സ് . ആദ്യ സിനിമയ്ക്ക് പ്രേക്ഷകർ തന്ന കരുത്തിലാണ് മുന്നോട്ട് പോകുന്നത്. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ പൂർണമായി സിനിമയിൽ നിൽക്കാനാണ് തീരുമാനം. പ്രേക്ഷകർക്ക് എന്നെ ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നിയാൽ സിനിമയോട് ബൈ പറയും.
ആദ്യ നായകനെക്കുറിച്ച്?
ടൊവിനോ തോമസാണ് മറഡോണയിലെ നായകനെന്ന് അറിയുന്നത് വളരെ വൈകിയാണ്. ചിത്രത്തിന്റെ കഥ പറയുമ്പോൾ പോലും ഇക്കാര്യം പറഞ്ഞിരുന്നില്ല.റൊമാന്റിക് ഹീറോയായ ടൊവിനോയോടൊപ്പം സിനിമയിൽ അഭിനയിക്കാൻ പറ്റിയത് വലിയ ഭാഗ്യമാണ്. വലിയ സ്റ്റാറായത് കൊണ്ട് എന്നെയൊന്നും മൈൻഡ് ചെയ്യില്ലെന്നാണ് കരുതിയത്. എന്നാൽ പ്രതീക്ഷിച്ചതിലും വിപരീതമായി ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു.
കഥാപാത്രമാകാനുള്ള
മുന്നൊരുക്കങ്ങൾ?
മറഡോണയിൽ അങ്ങനെ വലിയ ഒരുക്കങ്ങൾ വേണ്ടിയിരുന്നില്ല. ഞാൻ എന്താണോ അത് തന്നെയാണ് മറഡോണയിലെ ആശ. വായാടി പെൺകുട്ടി. കട്ട ലോക്കൽ. ഒരുപക്ഷേ ആ കഥാപാത്രം എന്റെ സ്വഭാവവുമായി വളരെ അടുത്ത് നിൽക്കുന്നതിനാൽ തന്നെ നന്നായി ചെയ്യാൻ കഴിഞ്ഞുയെന്നാണ് വിശ്വാസം.
പ്രണയം , വിവാഹം?
പ്രണയവിവാഹത്തോടാണ് താത്പര്യം. എന്ന് കരുതി ഇപ്പോൾ പ്രണയമില്ല. ഉടനേ വിവാഹം കഴിക്കാനും പ്ളാനില്ല. വിവാഹത്തെക്കുറിച്ച് എനിക്ക് ചില സങ്കല്പങ്ങളൊക്കെയുണ്ട്. ഞാൻ ഒരു സാധാരണക്കാരിയാണ്. അപ്പോൾ സാധാരണക്കാരനായ ഒരാളെ കല്യാണം കഴിക്കാനാണ് താത്പര്യം. അല്ലാതെ സിനിമയിൽ നായികയായതുകൊണ്ട് സെലിബ്രിറ്റിയായി ജീവിക്കാൻ എനിക്കാവില്ല. നടിയാകുമ്പോൾ വരുന്ന വലിയ കല്യാണ ആലോചനകളോടും താത്പര്യമില്ല. ഞാൻ ലോക്കലാണ്. ജീവിതവും ലോക്കലായാൽ മതി.
വീട്? കുടുംബം?
തൃപ്പൂണിത്തുറയിലാണ് വീട്. അച്ഛൻ രാമചന്ദ്രൻ നായർ. ഡൽഹിയിൽ ബിസിനസാണ്. അമ്മ ശശികല. സഹോദരൻ ശരത് തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുന്നു.
സിനിമയല്ലാതെ മറ്റ് ഇഷ്ടങ്ങൾ?
നൃത്തം ചെയ്യും. ഭരതനാട്യം പഠിച്ചിട്ടുണ്ട്. വായനയും യാത്രയും സിനിമ പോലെ തന്നെ ഹരമാണ്.