ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിവസവും റെക്കാഡ് ഉയരത്തിലെത്തുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ രാജ്യതലസ്ഥാനമായ ഡൽഹി ആകെ രോഗികളുടെ എണ്ണത്തിൽ മുന്നിലുളള മഹാരാഷ്ട്രയെ ഇന്നലെ മറികടന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. 3947 പേർക്കാണ് ഇന്നലെ ഒരുദിവസം ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. അതേസമയം മഹാരാഷ്ട്രയിൽ ഇത് 3214 ആണ്.
രാജ്യത്ത് പ്രതിദിനം രോഗബാധിതരാകുന്നവരുടെ എണ്ണം 16000ത്തിന് അടുത്തെത്തി. 15,500 പേരാണ് ഇന്നലെ രോഗബാധിതരായത്. 465 പേർ ഒരു ദിവസം കൊണ്ട് മരണപ്പെട്ടു. ഇതോടെ ഇന്ത്യയിൽ ആകെ കൊവിഡ് മരണം 14,476 ആയി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ 15,698 പേർ 24 മണിക്കൂറിനിടെ രോഗബാധിതരായി. 4,56,183 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1,83,022 ആക്‌ടീവ് കേസുകളുണ്ട്. 2,58,685 പേർക്ക് രോഗം ഭേദമായി.
ഏറ്റവുമധികം രോഗബാധിതരുളള മഹാരാഷ്ട്രയിൽ 1,39,010 പേർക്ക് ആകെ രോഗം ബാധിച്ചതായി മന്ത്രാലയം പറയുന്നു. ഡൽഹിയിൽ ഇത് 66,602 ആണ്. ജൂൺ 1 മുതൽ ഇതുവരെ രണ്ടരലക്ഷം പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 70 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി,ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ്.