പ്രായപൂർത്തിയാകാത്ത മക്കൾക്ക് ചിത്രം വരയ്ക്കാനായി സ്വന്തം ശരീരം നൽകുകയും, അതിൻെറ വീഡിയോ യൂട്യൂബിൽ പങ്കുവയ്ക്കുകയും ചെയ്ത രഹ്‌ന ഫാത്തിമയ്ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദമായതിന് പിന്നാലെയാണ് ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. വീഡിയോയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ചിത്രീകരിച്ചതിന് രഹ്‌നയ്ക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ രഹ്‌നയുടെ വിവാദ വീഡിയോ പരാമർശിച്ച് കൗൺസലിംഗ് സൈക്കോളജിസ്റ്റ് കലയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്. അവരുടെ മകന് കാര്യങ്ങൾ അവർ ഉദ്ദേശിക്കുന്ന തലത്തിൽ മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ലെന്നും, തന്റേടം ഉള്ള സ്ത്രീയാണ് രഹ്നയെന്നും അവരുടെ മകനെ എങ്ങനെ വളർത്തണമെന്ന് അവർക്ക് അറിയാമെന്നും കൗൺസലിംഗ് സൈക്കോളജിസ്റ് കൂടിയായ കല പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്രെ പൂർണ്ണരൂപം
രഹ്ന ഫാത്തിമ, അവരുടെ സ്വാതന്ത്ര്യം ഉപയോഗിച്ചോട്ടെ.. നഗ്നത അശ്ലീലം അല്ല... പക്ഷെ, കുട്ടികളുടെ ഇടയിൽ നിൽക്കുന്ന കൗൺസിലർ എന്ന നിലയ്‌ക്ക് എന്റെ മനഃശാസ്ത്രപരമായ അറിവിൽ അവരുടെ മകന് കാര്യങ്ങൾ അവർ ഉദ്ദേശിക്കുന്ന തലത്തിൽ മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല.. ഇതേ പ്രായത്തിലെ ഭൂരിപക്ഷം കുട്ടികളുടെ മാനസികാവസ്ഥ ചിന്തിച്ചു ഞാൻ പറയുന്നു.. അവൻ ഇടപെടുന്ന മറ്റു കുട്ടികളുടെ ഇടയിൽ നിന്നും അവൻ മാറ്റിനിർത്തപ്പെട്ടാൽ, ഭാവിയിൽ അവന്റെ മാനസിക ആരോഗ്യത്തിന് അത് ഗുണം ചെയ്യില്ല... കുട്ടികളുടെ മനസ്സ് കുറ്റപ്പെടുത്തലുകൾ ആയി പാകപ്പെടാൻ സമയമെടുക്കും.. ഭൂരിപക്ഷംപേരുടെ ധാർമ്മികതയും തൻറെ കുടുംബത്തിന്റെ മൂല്യങ്ങളിൽ ഉള്ള വ്യത്യാസവും അവന്റെ ചിന്തകളിൽ അസ്വസ്ഥത ഉണ്ടാക്കിയാൽ, അതിനെ ശെരിയാക്കി എടുക്കാൻ അവന്റെ അമ്മ വിജയിക്കട്ടെ.. ലൈംഗിക അരാജകത്വം നിറഞ്ഞ സമൂഹത്തിൽ അവന്റെ അമ്മയെ പറ്റിയുള്ള സങ്കല്പം അവനെ തളർത്തിയാൽ അതിശയം ഇല്ല... കുത്ത് വാക്കുകളെയും, കുറ്റപ്പെടുത്തലുകളെയും അവന്റെ മനസ്സിൽ പോറൽ ഏൽക്കാതെ വളർത്തി കൊണ്ട് വരണം... വിഷയം ലൈംഗികത ആയത് കൊണ്ട് തന്നെ അതൊരു പൊള്ളുന്ന പ്രശ്നം ആയിത്തീരും.. ശെരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാക്കാൻ ആണ് അവന്റെ അമ്മ ശ്രമിക്കുന്നത് എങ്കിൽ, മറിച്ചു അവനിൽ മാനസികമായ പിരിമുറുക്കങ്ങൾ സൃഷ്‌ടിച്ചാൽ ആരാണ് ഉത്തരവാദി? സ്വപ്‌നങ്ങൾ വിടരേണ്ട പ്രായമാണ്... ഓരോ സമൂഹത്തിന്റെയും കീഴ്വഴക്കങ്ങൾക്ക് എതിരെ നടക്കുന്നവന്റെ നേർക്ക് നൂറായിരം വിരലുകൾ ചൂണ്ടും... അതിനെ അതിജീവിക്കാൻ സാമാന്യമായ മാനസിക കരുത്ത് പോരാ... രഹന ഫാത്തിമയുടെ ഉദ്ദേശം, എന്താണെന്നു വ്യക്തമല്ല. പക്ഷെ, മകനെ സമൂഹത്തിലെ കാഴ്ചവസ്തു ആക്കി മാറ്റിയാൽ, അവന്റെ കുട്ടി മനസ്സിൽ അതുണ്ടാക്കുന്ന പ്രശ്നം ചിലപ്പോൾ നിസ്സാരമാകണമെന്നില്ല... ഞാൻ രഹന ഫാത്തിമയുടെ പല നിലപാടിനെയും അവരെയും ബഹുമാനിക്കുന്നു... എന്റെ ശെരി ആകണമെന്നില്ലല്ലോ അവരുടേത്.. അവരുടെ മകനാണ്, അവർക്ക് അറിയാം വളർത്താനും... തന്റേടം ഉള്ള സ്ത്രീയാണ് അവർ.. അവർ അവനു കാര്യങ്ങൾ ബോധ്യപ്പെടുത്തി ആണ് മുന്നോട്ട് പോകുന്നതെങ്കിൽ, മകന്റെ മാനസിക ആരോഗ്യം നന്നായി കൊണ്ട് പോകാനും അവർക്ക് പറ്റും... വ്യക്തിത്വം രൂപപ്പെടേണ്ട സമയം ആണ്, അവനിലെ കുഞ്ഞിന് നല്ലത് മാത്രം വരട്ടെ..
കല,
കൗൺസലിംഗ് സൈക്കോളജിസ്റ്