തിരുവനന്തപുരം: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പ്രവാസികൾക്ക് നിർബന്ധമല്ല. പരിശോധന സൗകര്യങ്ങൾ ഇല്ലാത്തിടത്ത് നിന്ന് മടങ്ങാൻ പി.പി.ഇ കിറ്റ് മതിയെന്നാണ് സർക്കാർ നിലപാട്. ഇന്ന് ചേർന്ന മന്ത്രിസഭയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
യാത്രക്കാർക്ക് വിമാനക്കമ്പനികൾ കിറ്റ് നൽകും. കനത്ത പ്രതിഷേധത്തിന് ഒടുവിലാണ് സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുന്നത്. ഗൾഫിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് നാളെ പ്രാബല്യത്തിൽ വരാനിരിക്കെ പ്രവാസലോകം ആശങ്കയിലായിരുന്നു. പ്രായോഗികമല്ലെന്നറിഞ്ഞിട്ടും കേരളസർക്കാർ ഉത്തരവ് പിൻവലിക്കാത്തതിനാൽ യാത്ര മുടങ്ങുമോയെന്നായിരുന്നു പ്രവാസിമലയാളികളുടെ ആശങ്ക. അതേസമയം, സൗദി അറേബ്യയിൽ ആന്റിബോഡി റാപ്പിഡ് പരിശോധനയ്ക്ക് അനുമതിയില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ പ്രശ്നത്തിൽ കേന്ദ്രസർക്കാരുമായി ചർച്ചകൾ തുടരുകയാണെന്നും അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രവാസികൾക്ക് ട്രുനാറ്റ് റാപ്പിഡ് പരിശോധന നടത്തണമെന്ന കേരളത്തിന്റെ നിർദ്ദേശം ഇന്നലെ കേന്ദ്രം തള്ളിയിരുന്നു.
ട്രുനാറ്റ് പരിശോധന ഗൾഫ് രാജ്യങ്ങൾ അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തെഴുതിരുന്നു. എംബസികളുമായി നത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം.