മുംബൈ: യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഘർഷ ശേഷം രാജ്യത്തിനു നേരെ സൈബർ ആക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ശരിവയ്ക്കും വിധമാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ. ചൈന കേന്ദ്രീകരിച്ചുളള ഹാക്കർമാർ 40,300 തവണ വിവര സാങ്കേതികവിദ്യയുമായും ബാങ്കിംഗുമായും ബന്ധപ്പെട്ട മേഖലകളിൽ സൈബർ ആക്രമണ ശ്രമം നടത്തി. മഹാരാഷ്ട്ര പൊലീസ് ആണ് ഈ വിവരം നൽകിയത്.
കിഴക്കൻ ലഡാക്കിലെ സംഘർഷം നടക്കുന്ന സമയത്താണ് സൈബർ മേഖലയിലും നിരന്തരം ആക്രമണത്തിന് ചൈന ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടതെന്ന് മഹാരാഷ്ട്ര പൊലീസ് സൈബർ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. സർവ്വീസ് ലഭ്യമാക്കാതിരിക്കുക, സാമ്പത്തിക വിവരങ്ങൾ കൈക്കലാക്കുക മുതലായവയ്ക്കാണ് കൂടുതലായും ശ്രമമുണ്ടായത്. ചൈനയിലെ ചെങ്ദു മേഖലയിൽ നിന്ന് ആയിരുന്നു കൂടുതൽ ശ്രമങ്ങളും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ഉപയോക്താക്കൾ വേണ്ടത്ര സുരക്ഷ ഉറപ്പാക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം.