'സ്ഫുടതാരകൾ കൂരിരിട്ടിലു-
ണ്ടിടയിൽ ദ്വീപുകളുണ്ട് സിന്ധുവിൽ'
ഈ മഹാവിപത്തിന്റെ കാലത്ത് 'ചിന്താവിഷ്ടയായ സീത'യിലെ സുപരിചിതമായ വരികൾ ഓർത്തുപോകുന്നു. പൊതുവെ ഒരു മ്ലാനതയും നിരാശയും എല്ലാവരെയും ബാധിച്ചിരിക്കുകയാണല്ലോ. പരിചയിച്ച ജീവിതശീലങ്ങൾ അന്യമാവുമ്പോൾ അത് സ്വാഭാവികം. അതിനേക്കാളൊക്കെ പൊള്ളുന്ന പ്രശ്‌നങ്ങൾ മറ്റു ചിലതുണ്ട്. ചെറുതും വലുതുമായ കച്ചവടങ്ങളിലെ വരുമാന നഷ്ടം. അത് വരുത്തി വയ്ക്കുന്ന സാമ്പത്തിക പരാധീനതകൾ. പ്രവാസികളുടെ മടക്കവും അവരുടെ ഭാവിയും. ഇതിനൊക്കെ പുറമെ, ഇന്തോചൈന അതിർത്തിയിൽ ഉരുണ്ടു കൂടുന്ന അനിശ്ചിതത്വം!
മടങ്ങി വന്ന പ്രവാസികളിൽ ചിലരെങ്കിലും കേരളത്തിൽ മുതൽ മുടക്കി എന്തെങ്കിലും വ്യവസായമോ കച്ചവടമോ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടാവും. ഇവരെ ഉപദേശിക്കാനെത്തുന്ന മഹാപണ്ഡിതന്മാർ എല്ലായിടത്തുമുണ്ട്. 'കേരളം ഇതിനൊന്നും പറ്റിയ സ്ഥലമല്ല. ഇവിടെ മൊത്തം കുഴപ്പമാണ്. തൊഴിൽ സമരങ്ങൾ നിങ്ങളെ വലയ്ക്കും. എല്ലാത്തിനും കാലതാമസമാണ്. അതുകൊണ്ടു സ്‌നേഹിതാ, മുതൽമുടക്കുന്നുവെങ്കിൽ അങ്ങ് ഗുജറാത്തിലോ മഹാരാഷ്ട്രയിലോ പോകൂ; കുറഞ്ഞ പക്ഷം ഇങ്ങടുത്തു തമിഴ് നാട്ടിൽ പൊക്കോളൂ.' ഇങ്ങനെ പോകുന്നൂ ഇത്തരക്കാരുടെ ഹിതോപദേശം.
ഇന്നത്തെ കേരളത്തിന്റെ സ്ഥിതിയല്ല ഇതൊന്നും. കഴിഞ്ഞ രണ്ടു ദശകങ്ങൾക്കുളിൽ വിജയിച്ച സംരംഭകരുടെ അനവധി കഥകൾ പറയാൻ കഴിയും. ടൂറിസം മേഖലയിൽ ഉണ്ടായ സംരംഭങ്ങൾ നോക്കുക.. റോഡുകളുടെ ഇരുവശവും പ്രത്യക്ഷപ്പെട്ടിട്ടുള്ള വ്യത്യസ്തമായ ഭക്ഷണശാലകൾ ശ്രദ്ധിക്കുക. കേരളത്തിനുളളിൽ നിന്ന് അഖിലേന്ത്യാ ശ്രദ്ധ പിടിച്ചു പറ്റിയ കുറെ വൻ വാണിജ്യസ്ഥാപനങ്ങളും ബ്രാൻഡുകളുമുണ്ട്. ലാഭകരമായി നടക്കുന്ന എത്രയോ വ്യവസായങ്ങളും കയറ്റുമതി സ്ഥാപനങ്ങളുമുണ്ട് ! ഐ റ്റി മേഖലയിൽ നാം അറിയാതെ എത്ര ചെറുപ്പക്കാരാണ് അദ്ഭുതകരമായ രീതിയിൽ പ്രവർത്തിക്കുന്നത്. വ്യവസായ സ്ഥാപനങ്ങളിലെ തൊഴിൽപ്രശ്‌നങ്ങൾ എത്ര വിരളമാണ് ഇപ്പോൾ. ഇതൊന്നുമറിയാതെയാണ് 'അഭ്യുദയ കാംക്ഷികൾ' സംരംഭകരെ ഭയപ്പെടുത്താൻ വരുന്നത്.
ഇതിനർത്ഥം കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാൻ അദ്ധ്വാനവും തയ്യാറെടുപ്പും വേണ്ടെന്നല്ല. ഘോഷിക്കപ്പെടുന്ന സംരംഭകസൗഹൃദ സംസ്ഥാനങ്ങളിൽ എത്ര സന്നാഹം വേണമോ അത്രയും ഇവിടെയും വേണം. ഏതു നല്ല സംരംഭകനും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അത്യാവശ്യം. അറിവും മൂലധനവും സംരഭകത്വവും കൂടിയേ കഴിയൂ. കേരളസ്‌പെഷ്യൽ തയ്യാറെടുപ്പൊന്നും ആവശ്യമില്ല.
ആരംഭിക്കാൻ പോകുന്ന പ്രവൃത്തിയെക്കുറിച്ചു ശേഖരിക്കാവുന്ന എല്ലാ അറിവുകളും സ്വയം ഗ്രഹിക്കണം. ഉത്തമ ബോധ്യം വന്നതിനു ശേഷം മാത്രമേ അതുമായി മുമ്പോട്ട് പോകാവൂ. ആ ബോധ്യമായിരിക്കണം വഴിവിളക്ക്. വിമർശിക്കാനും നിരുത്സാഹപ്പെടുത്താനും വരുന്നവരെക്കാൾ തെരഞ്ഞെടുത്ത മേഖലയിൽ നേടിയ അറിവായിരിക്കണം നിങ്ങളുടെ കവചം. മറ്റൊരാൾ പറയുന്നത് കേട്ട് എടുത്തു ചാടുകയോ പിന്തിരിയുകയോ അരുത്. കേരളത്തിന്റെതായ ചില ഗുണങ്ങളുമുണ്ടല്ലോ. ബുദ്ധിശക്തിയിൽ വളരെ ഉയർന്ന നിലവാരമുള്ള തൊഴിലാളികൾ; ; നിയമവാഴ്ച, മാധ്യമജാഗ്രത, അറിവുള്ള പൊതുസമൂഹം; ഇവ നേട്ടങ്ങളാണ്; ബാധ്യതയല്ല,.
രണ്ടു സംരംഭകരുടെ ചിത്രങ്ങൾ മനസ്സിലേയ്ക്ക് വരികയാണ്. പഠിത്തം പൂർത്തിയാക്കിയിട്ടും ആ ചെറുപ്പക്കാരൻ ജോലിക്കൊന്നും ചേർന്നില്ല. രണ്ടു വർഷം അയാൾ കംപ്യൂട്ടറിൽ നിരന്തരം എന്തൊക്കെയോ തിരഞ്ഞു. ചില യാത്രകൾ നടത്തി. പുതിയ പുസ്തകങ്ങൾ വരുത്തി. പിന്നെ അയാൾ തന്റെ സ്വപ്നപദ്ധതി ആരംഭിച്ചു. മൂന്നു വർഷങ്ങൾക്കുള്ളിൽ അതൊരു വൻ വിജയമാവുകയും അത് വാങ്ങാനായി അമേരിക്കൻ കമ്പനികൾ മുമ്പോട്ട് വരികയുമുണ്ടായി. ഈ സമയമൊക്കെ ഇതിന്റെ 'മുതലാളി' ഓട്ടോറിക്ഷയിലും കാൽനടയായുമൊക്കെ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്, ആർക്കും തന്റെ സ്ഥാപനം വിൽക്കാൻ അയാൾ കൂട്ടാക്കിയില്ല. രണ്ടു വർഷത്തെ തയ്യാറെടുപ്പും അർപ്പണ ബോധവും അയാളെ ജീവിതത്തിൽ വിജയിയാക്കി.
മറ്റൊരാൾ ഒരു പ്രിൻറ്റിങ് പ്രസ്സും ഇവൻറ്റ് മാനേജ്‌മെൻറ്റ് സ്ഥാപനവും തുടങ്ങി. നല്ല രീതിയിൽ ബിസിനസ് വളർന്നു, സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന അയാൾ 75 ലക്ഷം രൂപ വിലയുള്ള കാർ വാങ്ങി. വലിയൊരു ഫ്‌ളാറ്റും വാങ്ങി. നഗരത്തിലെ പ്രമുഖനാണെന്നു സ്വയം വിശ്വസിച്ചു, ഇപ്പൊൾ കാറുമില്ല ഫ്‌ളാറ്റുമില്ല. വായ്പകൾ കൊടുത്തു തീർന്നിട്ടില്ല. സ്ഥാപനം നിന്നുപോയെന്നു പറയേണ്ടതില്ല.'നമുക്ക് നാമേ പണിവതു നാകം നരകവുമതു പോലെ' എന്ന് ഉള്ളൂർ പാടിയത് ഓർക്കാം.
ചൈനീസ് ഉൽപ്പന്നങ്ങളോട് വിരക്തി വന്നു തുടങ്ങുന്ന കാലമാണല്ലോ. പക്ഷേ എത്ര ചുരുങ്ങിയ കാലം കൊണ്ടാണ് ലോക നിലവാരമുള്ള അനേകം ബ്രാൻഡുകളുമായി അവർ വിപണി പിടിച്ചടക്കിയത് ! നമുക്കും സൃഷ്ടിച്ചുകൂടേ ലോക വിപണിയിൽ സ്ഥാനം ഉറപ്പിക്കുന്ന ഉല്പന്നങ്ങൾ? ഇപ്പോഴത്തെ 'മഹാവിപത്ത്', നൽകുന്ന അവസരമാണിത്. ജലപ്പരപ്പിലെ ദ്വീപ് ! ഇരുട്ടിലെ നക്ഷത്രം ! ഒരു തൊഴിൽ ദാതാവാകാൻ കഴിയുന്നതിന്റെ മഹത്വവും ചാരിതാർഥ്യവും ചെറുതല്ല. കേരളത്തിന്റെ സ്വന്തം ഉൽപ്പാദന മോഡൽ നമുക്ക് സൃഷ്ടിക്കാം. മേയ്ഡ് ഇൻ കേരള; മേയ്ഡ് ഇൻ ഇന്ത്യ.