ലോകമാകെ പടർന്ന് പിടിക്കുന്ന മഹാമാരിക്കെതിരെ പോരാടാൻ ആരോഗ്യപ്രവർത്തകരും, സുരക്ഷാഉദ്യോഗസ്ഥരും, സർക്കാരും വളരെയേറെ പണിപ്പെടുമ്പോഴും, ഒരു വിഭാഗം ഇതൊന്നും അറിയാത്ത ഭാവത്തിലാണ് ജീവിക്കുന്നത്. കെ.എസ്.ആർ.ടി.സി കട്ടപ്പന എന്ന ഫേസ്ബുക്ക് പേജിൽ ഈയിടെ പങ്കുവെച്ചൊരു ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പ്രവാസികൾക്കായി എയർപോർട്ട് ഡ്യൂട്ടി കഴിഞ്ഞെത്തിയ കെഎസ്ആർടിസി ബസിന്രെ ശോചനീയാവസ്ഥയാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നത്.
ഉപയോഗിച്ച മാസ്കും, ആഹാര സാമഗ്രികളും, വെള്ള കുപ്പികളുമെല്ലാം ബസിനുള്ളിൽ തന്നെ വലിച്ചെറിഞ്ഞിരിക്കുന്നു. വിദേശത്ത് നിന്നും നാട്ടിലെത്തുന്ന കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ പ്രവാസികളുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ ബസിലെ ജീവനക്കാരിലും ക്ളീനിങ്ങ് ആൻഡ് മെക്കാനിക്കൽ സ്റ്റാഫുകളിലും രോഗവ്യാപനത്തിന് കാരണമാകും. വിദേശരാജ്യങ്ങിലെത്തിയാൽ അവിടുത്തെ നിയമങ്ങൾ അണുവിട തെറ്റാതെ അനുസരിക്കുന്ന മലയാളികൾ പക്ഷെ സ്വന്തം നാട്ടിലെത്തിയാൽ ശുചിത്വത്തിന്രയും രോഗവ്യാപനത്തിന്രെയും സാദ്ധ്യതകൾ പോലും മറന്ന് പ്രവർത്തിക്കുന്നു. #പ്രിയ_പ്രവാസി_സഹോദരങ്ങളെ_നിങ്ങളെന്തെ_ഇങ്ങനെ!!! എന്ന ഹാഷ് ടാഗിലൂടെ നിരവധി പേർ ഈ പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്രെ പൂർണ്ണരൂപം
കഴിഞ്ഞ ദിവസം മുവാറ്റുപുഴയിൽ നിന്നു പ്രവാസികൾക്കായി എയർപോർട്ട് ഡ്യൂട്ടിക്ക് പോയി വന്ന RPK85 എന്ന സൂപ്പർഫാസ്റ്റിൻ്റെ ഉൾവശത്തെ കാഴ്ചയാണിത്. ഉപയോഗിച്ച മാസ്ക്കുകൾ, വെള്ള കുപ്പികൾ എന്ന് മാത്രമല്ല ആഹാര അവിശിഷ്ടങ്ങൾ വരെ ഉണ്ട്. നിങ്ങൾ ഓർക്കേണ്ട ഒരു കാര്യം KSRTC സ്റ്റാഫും മനുഷ്യന്മാരാണ്. ഈ വണ്ടി ഓടിക്കുന ഡ്രൈവർ മാത്രമല്ല ഇത് ക്ലീൻ ചെയ്യുന്ന ക്ലിനിങ് ആൻഡ് മെക്കാനിക്കൽ സ്റ്റാഫിൻ്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കുക. അവർക്ക് എങ്ങാനും കൊറോണ ബാധിച്ചാൽ ബാക്കിയുള്ള പ്രവാസികളുടെ വരവും അവതാളത്തിലാകും.
നിങ്ങൾ വന്ന് കഴിഞ്ഞാൽ നിങ്ങടെ ഉത്തരവാദിത്തം കഴിഞ്ഞു എന്ന് വിചാരിക്കരുത്. നാളെയും നിങ്ങളെ പോലുള്ള പ്രവാസികളെയുംകൊണ്ട് ഈ ബസ്സും ഇതേ ജീവനക്കാരും തന്നെയാണ് വരേണ്ടത്. പ്രിയ ഭരണകൂടം ഇതിന് തടയിടാൻ എന്തെങ്കിലും കർശന നിലപാട് സ്വീകരിക്കണം. പ്രവാസികൾ മാത്രമല്ല KSRTC സ്റ്റാഫും നമ്മുടെ സഹോദരങ്ങളാണ്. അതുകൊണ്ട് പ്രിയ പ്രവാസികളെ എയർപോട്ട് ഡ്യൂട്ടിയ്ക്ക് വരുന്ന ബസ്സുകളിൽ യാത്ര ചെയ്യുന്നവർ ഒരു സാമാന്യ മര്യാദ കാട്ടുക. ഈയൊരു വണ്ടീടെ മാത്രമല്ല ഒരു വിധം എല്ലാം വണ്ടീലും ഇത് തന്നെയാണ് അവസ്ഥ!!!