രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരികയാണല്ലോ. ഓരോ ദിനവും തൊട്ടുമുൻപുള്ള റെക്കാഡ് തിരുത്തപ്പെടുകയാണ്. എന്നിരുന്നാലും ലോകമാകെയും ഇന്ത്യയിലും രോഗം ഭേദമാകുന്നവരുടെ നിരക്ക് 50 ശതമാനം ആയി എന്നത് ആശ്വാസം നൽകുന്ന ഒരു വസ്തുതയാണ്.
ഒരിക്കൽ കൊവിഡ് ഭേദമായവർ ശരിക്കും ഭേദമായവർ തന്നെയാണോ? പല രാജ്യങ്ങളിലും ഒരുതവണ രോഗം ഭേദമായവർക്ക് വീണ്ടും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് രോഗം ഭേദമായാലുണ്ടാകുന്ന ദീർഘനാളത്തെ പ്രത്യാഘാതങ്ങൾ പഠനവിധേയമാക്കാൻ സാധിച്ചിട്ടില്ല. കാരണം ഈ രോഗം പുതിയതാണെന്നത് തന്നെ. രോഗം ഭേദമായി വീട്ടിലെത്തുന്നവർക്ക് മറ്റ് ശരീരാവയവങ്ങൾക്ക് രോഗം ബാധിക്കില്ല എന്ന് പറയാനാകില്ല.
സാധാരണ മറ്റ് രോഗങ്ങൾ ഇല്ലാത്ത ഒരാൾക്ക് കൊവിഡ് ഭേദമാകാൻ ഏതാണ്ട് രണ്ടാഴ്ച വേണ്ടിവരും. എന്നാൽ ഗുരുതരാവസ്ഥയിലായ രോഗികൾക്ക് ആറ് ആഴ്ച വരെ രോഗം മാറാൻ എടുത്തേക്കാം. രോഗം ഭേദമായാലും അവരോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയാണ് നിലവിൽ പതിവ്. പുതുതായി അസ്വാസ്ഥ്യങ്ങൾ തോന്നിയാൽ അറിയിക്കുവാനും.
ആരോഗ്യമുളള ഒരു വ്യക്തിയുടെ ശ്വാസകോശങ്ങൾ സിടി സ്‌കാനിൽ കറുപ്പ് നിറത്തിലാണ് കാണപ്പെടുക എന്നാൽ കൊവിഡ് ബാധിച്ചവരിൽ ശ്വാസകോശത്തിൽ ചാര നിറത്തിൽ കുത്തുകൾ കാണപ്പെടുന്നുണ്ട്. ലക്ഷണങ്ങളില്ലാതെ രോഗം ബാധിച്ചവർക്കും ഇങ്ങനെതന്നെ കാണപ്പെടുന്നു. 2002-03 സമയത്ത് പടർന്ന് പിടിച്ച സാർസ് രോഗവുമായി ഇതിന് സാമ്യമുണ്ട്. എന്നാൽ സാർസ്, മെർസ് രോഗങ്ങളിൽ ഇവ ഒരു ശ്വാസകോശത്തിലേ കാണുന്നുളളൂ. കൊവിഡിൽ രണ്ട് ശ്വാസകോശത്തിലും ഗുരുതരമായി കാണപ്പെടുന്നുണ്ട്.
ശ്വാസകോശത്തിന് ബാധിക്കുന്ന രോഗമായതിനാൽ കൊവിഡ് ബാധിച്ചവരിൽ രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറവാകും.ഇത് മൂലം ഹൃദയത്തിന് ജോലിഭാരമേറുകയും ഹൃദ്രോഗ സാധ്യത ഉണ്ടാകുകയും ചെയ്യും. വുഹാനിലെ 20 ശതമാനം കൊവിഡ് രോഗികൾക്ക് ഹൃദയ തകരാർ കണ്ടെത്തിയിരുന്നു.
ഓക്‌സിജൻ ലഭ്യമാകാതെ വരുമ്പോൾ ക്രമേണ തലച്ചോറിനും വൃക്കകൾക്കും രോഗം ബാധിക്കാൻ ഇടയാക്കുന്നു. രക്തം കട്ടപിടിക്കുന്നതും ഇത്തരം രോഗികളിൽ കണ്ടുവരുന്നു. ഉത്കണ്ഠ രോഗങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും വന്ധ്യതക്ക് വരെയും ഉണ്ടാകാനുളള സാധ്യത ദീർഘകാലങ്ങളിൽ കൊവിഡ് ഭേദമായവരിലുണ്ട്.