ambani

മുംബൈ: ലോകത്തെ ഒൻപതാമത് ഏറ്റവും വലിയ ധനികനാണ്. ഏഷ്യയിലാകട്ടെ സമ്പത്തുള‌ളവരുടെ ലിസ്‌റ്റിൽ നമ്പർ വൺ എന്നിട്ടും തന്റെ കമ്പനിയുടെ ചെയർമാൻ - മാനേജിംഗ് ഡയറക്ടർ എന്നീ തസ്‌തികയിൽ ശമ്പളം കൂടുതൽ വാങ്ങിയിട്ടില്ല അദ്ദേഹം. പറഞ്ഞുവരുന്നത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനായ മുകേഷ് അംബാനിയുടെ കാര്യമാണ്. 2008-09 മുതൽ വാർഷിക ശമ്പളം 15 കോടി തന്നെയാണ്.

കമ്പനിയുടെ വാർഷിക കണക്കിൽ കാണുന്നത് പ്രകാരം 4.36 കോടി രൂപയാണ് ശമ്പളവും അലവൻസും.അതിനു പുറമേ മറ്റ് ആദായം 40 ലക്ഷം വിരമിക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യം 71 ലക്ഷം, കമ്മീഷൻ 9.53 കോടി. അംബാനിയുടെ അർത്ഥ സഹോദരങ്ങളും റിലയൻസ് ഇൻഡസ്ട്രീസ് എക്‌സിക്ക്യൂട്ടിവ് ഡയറക്‌ടർമാരുമായ നിഖിൽ മെസ്‌വാനി, ഹിതാൽ മെസ്‌വാനി എന്നിവർക്ക് 24 കോടിയാണ് വാർഷിക ശമ്പളം. മുകേഷിനെക്കാൾ ഏറെ. അംബാനിയുടെ ഭാര്യ നിത അംബാനിക്ക് 1.15 കോടി രൂപയാണ് കമ്മിഷൻ. കൊവിഡ് പ്രശ്‌നം രൂക്ഷമായപ്പോൾ തന്റെ ശമ്പളം ഉപേക്ഷിക്കുകയാണെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. കമ്പനി പഴയ അവസ്ഥയിൽ തിരികെ എത്തും വരെയാണിത്. പത്ത് മുതൽ അൻപത് ശതമാനം വരെ കമ്പനിയിൽ ഉദ്യോഗസ്ഥർക്ക് ശമ്പളം വെട്ടിക്കുറച്ചിരിക്കുകയാണ് നിലവിൽ. 64.5 ബില്യൺ ഡോളറാണ് നിലവിൽ മുകേഷ് അംബാനിയുടെ സ്വത്ത്.