ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളും മരണവും പ്രതിദിനം വർദ്ധിക്കുകയും ഇന്ധന വില കൂടുന്നതിന്റെയും പശ്ചാത്തലത്തിൽ മോദി സർക്കാരിനെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.
"മോദി സർക്കാർ കൊവിഡ് മഹാമാരിക്കൊപ്പം പെട്രോൾ- ഡീസൽ വില വർദ്ധനയും അൺലോക്ക് ചെയ്തിരിക്കുകയാണെന്ന്' രാഹുൽ ട്വീറ്റ് ചെയ്തു. കൊവിഡ് കേസുകൾ അനുദിനം വർദ്ധിക്കുന്നതും ഇന്ധനവില മേലോട്ട് കുതിക്കുന്നതും ഉൾപ്പെടുത്തി ഗ്രാഫും രാഹുൽ ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ബുധനാഴ്ച രാജ്യത്തെ കൊവിഡ് കേസുകൾ 4.56 ലക്ഷം കടന്നു. കഴിഞ്ഞ രണ്ടാഴ്ചയിൽ അധികമായി ഇന്ധനവിലയും ദിനവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമർശനം.
രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തത് മുതൽ പ്രതിരോധ നടപടികളെ രാഹുൽ വിമർശിച്ചിരുന്നു. ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലും മോദിക്കെതിരെ രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.