ന്യൂഡൽഹി:കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ പരസ്പര ധാരണയായതിന് പിന്നാലെ, ഗാൽവൻ താഴ്‌വരയിൽ തങ്ങൾക്കാണ് പരമാധികാരമെന്നും അതിർത്തി ലംഘിച്ച ഇന്ത്യയ്‌ക്കാണ് സംഘർഷത്തിന്റെ ഉത്തരവാദിത്വമെന്നും ആവർത്തിച്ച് ചൈന പ്രകോപനം തുടരുന്നു.ഇതോടെ, ചൈന സേനാപിന്മാറ്റത്തിൽ ആത്മാർത്ഥത കാട്ടുമോയെന്ന സംശയം ശക്തമായി. ചൈന പിന്മാറിയ ശേഷമേ സേനയെ പിൻവലിക്കൂ എന്ന നിലപാട് ഇന്ത്യയും കൂടുതൽ കടുപ്പിച്ചു.
ചൈനീസ് സേനയിലെ സീനിയർ കേണലും പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവുമായ വൂ ക്വിയാൻ ഇന്നലെ ബീജിംഗിൽ നടത്തിയ പ്രസ്‌താവനയിലാണ് ഇന്ത്യയെ വെല്ലുവിളിക്കുന്ന നിലപാട് ആവർത്തിച്ചത്. ജൂൺ 15ന് ഏറ്റുമുട്ടലുണ്ടായത് യഥാർത്ഥ നിയന്ത്രണ രേഖയിലെ തങ്ങളുടെ പ്രദേശത്താണെന്നും വൂ അവകാശപ്പെട്ടു.
ചൈന മുൻകൂട്ടി ആസൂത്രണം ചെയ്‌താണ് ഇന്ത്യൻ സൈനികരെ ആക്രമിച്ചതെന്ന ഇന്ത്യൻ നിലപാടാണ് ചൈന തള്ളിയത്. സേനാപിന്മാറ്റത്തിന് ധാരണയായ തിങ്കളാഴ്ച വരെയുള്ള നാല് സൈനിക ചർച്ചകളിലും, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഫോണിൽ ചൈനീസ് വിദേശ മന്ത്രിയുമായി നടത്തിയ ചർച്ചയിലും ഇന്ത്യ എടുത്തത് ഇതേ നിലപാടായിരുന്നു.എന്നാൽ പുതിയ പ്രസ്‌താവനയിലും ചൈന സ്വന്തം ആൾ നാശത്തിന്റെ കണക്ക് സ്ഥിരീകരിച്ചില്ല.
ഇന്ത്യയുടെ നിലപാട്
ഇന്ത്യൻ സേന നിയന്ത്രണ രേഖ ലംഘിച്ചില്ല.
ജൂൺ 6ന്റെ ധാരണ ലംഘിച്ചത് ചൈനയാണ്
ഇന്ത്യൻ പ്രദേശത്ത് ചൈന ടെന്റുകൾ കെട്ടി
ആസൂത്രിതമായാണ് ചൈന ആക്രമിച്ചത്
ചൈന പറയുന്നത്
ഇന്ത്യൻ സേന നിയന്ത്രണ രേഖ മറികടന്ന്.ചൈനീസ് ഓഫീസർമാരെയും ഭടന്മാരെയും ആക്രമിച്ചു.
അതാണ് രൂക്ഷമായ ഏറ്റുമുട്ടലിനും ആൾനാശത്തിനും ഇടയാക്കിയത്. .
അതിക്രമിച്ചു കടന്നവരെ കർശനമായി ശിക്ഷിക്കണം
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇന്ത്യ സേനയെ നിയന്ത്രിക്കണം.