ജനപ്രിയ ബിസ്ക്കറ്റായ പാർലെ-ജിയുടെ രുചിയറിയാത്ത ഇന്ത്യക്കാർ വിരളമാണ്. എട്ടു പതിറ്റാണ്ടിനിടയിൽ പാര്‍ലെ-ജിയ്ക്ക് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് ഈ ലോക്ക്ഡൗൺ കാലത്താണ്. ചായയ്ക്കും കാപ്പിക്കും പാലിനുമൊപ്പം ഇന്ത്യക്കാർ ശീലമാക്കിയ പാർലെ ജി, ബിസ്ക്കറ്റുകളുടെ രാജാവെന്നാണ് അറിയപ്പെടുന്നത്. ഏത് പ്രായത്തിലുള്ള ആളുകൾക്കും ഒരുപോലെ പ്രിയങ്കരമാണ് ഈ ബിസ്ക്കറ്റുകൾ. എന്നാൽ പാർലെ-ജിയെ പറ്റി അധികമാർക്കും അറിയാത്ത ചില രസകരമായ വസ്തുതകൾ നോക്കിയാലോ?
വിപണിയിൽ മുമ്പൻ
ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബിസ്ക്കറ്റ് ബ്രാൻഡാണ് പാർലെ-ജി. കഴിഞ്ഞ എട്ട് ദശകങ്ങളിൽ വച്ച് ഏറ്റവും കൂടുകൽ വിൽപ്പന നടന്നത് കഴിഞ്ഞ ഏപ്രിൽ-മേയ് മാസങ്ങളിലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സ്വതന്ത്ര ഭാരതത്തിന് മുമ്പേ
1939ലാണ് വൈൽ പാർലെ നിർമ്മാണശാലയിൽ പാർലെ-ജി ബിസ്ക്കറ്റുകൾ നിർമ്മാണമാരംഭിച്ചത്. പതിറ്റാണ്ടുകളായി വിജയകരമായി പ്രവർത്തിക്കുന്ന ഈ ബിസ്ക്കറ്റ് ബ്രാന്രിന് സ്വതന്ത്ര ഭാരതത്തെക്കാൽ പഴക്കമുണ്ട്.
ജി-ഗ്ളൂക്കോസ്
പാർലെ-ജിയിലെ ജി എന്താണെന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 80-കളിൽ പാർലെ-ഗ്ലൂക്കോ എന്നാണ് അറിയപ്പെട്ടിരുന്നത്. ജി എന്നത് ഗ്ലൂക്കോസിനെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ കാലക്രമേണ പാർലെ-ജിയിലെ ജി ജീനിയസ്സാണെന്ന് ജനങ്ങൾ വിശ്വസിക്കാൻ തുടങ്ങി.
ബ്രാൻഡിന്രെ പ്രത്യേകത
ഏകദേശം 4500 ആളുകൾ ഓരോ സെക്കൻഡിലും ഒരു പാർലെ-ജി ബിസ്കറ്റ് ആസ്വദിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ബിസ്ക്കറ്റ് നിർമ്മാതാക്കളാണ് പാർലെ-ജി.
രുചിയും പാക്കും
73 വർഷം കഴിഞ്ഞിട്ടും ഈ ബിസ്ക്കറ്രിന്രെ രുചിയിലോ പാക്കിംഗിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ആദ്യകാലത്തെ സുന്ദരിയായ പെൺകുട്ടിയുടെ ചിത്രം വച്ച അതേ പാക്കിൽ തന്നെയാണ് ഇപ്പോഴും പാർലെ-ജി ബിസ്ക്കറ്രുകൾ ലഭ്യമാകുന്നത്.
സുന്ദരിയായ പെൺകുട്ടി
നാഗ്പൂർ സ്വദേശിയായ നിരു ദേശ്പാണ്ഡെയാണ് പാർലെ-ജി ബിസ്ക്കറ്രിന്രെ പാക്കിൽ കാണുന്ന പെൺകുട്ടിയെന്ന് സോഷ്യൽ മീഡിയയിൽ സജീവമായ ചർച്ചകൾ വന്നിരുന്നു. എന്നാൽ ഈ ചിത്രം തികച്ചും സാങ്കൽപ്പികം മാത്രമാണെന്നാണ് പ്രൊഡക്ഷൻ മാനേജറായ മായങ്ക് ഷാ പറയുന്നത്. എവറസ്റ്റിന്രെ ക്രിയേറ്റീവ് ഡയറക്ടറായ മഗൻലാൽ ദയയാണ് ഈ ചിത്രം നിർമ്മിച്ചത്.