ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെതു പോലെതന്നെ രോഗമുക്തി നേടിയവരുടെ നിരക്കിലും വർദ്ധനവ്. 2,58,864 പേർ ഇതുവരെ രോഗ മുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. നിരക്ക് 56.70%. കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രികളിൽ നിന്ന് 10,495 പേർ രോഗമുക്തി നേടി പുറത്തെത്തി.
സംസ്ഥാനങ്ങളുടെ കണക്ക് നോക്കിയാൽ ഏറ്റവും മുന്നിൽ രാജസ്ഥാനാണ്. 15,627 പേർക്ക് രോഗം ബാധിച്ചതിൽ 12,213പേർക്ക് രോഗമുക്തിയുണ്ടായി. 78.15 ശതമാനം പേർ രോഗമുക്തി നേടി. രണ്ടാമത് മദ്ധ്യപ്രദേശാണ് 76.13%. ഇവിടെ 12,261 പേർക്ക് രോഗം ബാധിച്ചു.9335 പേർക്ക് രോഗം ഭേദമായി. ബീഹാറാണ് മൂന്നാമത് 8153 പേർക്ക് രോഗം ബാധിച്ചപ്പോൾ 6104 പേർക്ക് രോഗം ഭേദമായി. 74.86% പേർക്ക് രോഗം മാറി. ഗുജറാത്തിൽ 72.30% പേർക്ക് രോഗംമാറി. 28,371 പേർക്ക് രോഗം ബാധിച്ച സംസ്ഥാനത്ത് 20,513 പേർക്ക് അസുഖം മാറി.ഒഡീഷയിലും 72 ശതമാനം രോഗം ബാധിച്ചവർക്ക് ഭേദപ്പെട്ടു.
ഝാർഖണ്ഡ്, പഞ്ചാബ്,ഛത്തീസ്ഗഡ്, ആസാം, ഉത്തർപ്രദേശ് എന്നിവയാണ് തുടർന്ന് രോഗമുക്തി നിരക്ക് കൂടുതലുളള സംസ്ഥാനങ്ങൾ. 69.56, 69.29,65.74,64.51,64.12 ശതമാനം എന്നിങ്ങനെയാണ് ഇവിടങ്ങളിലെ നിരക്ക്.