hafeez-covid

കറാച്ചി : കഴിഞ്ഞ ദിവസം കൊവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ച മുൻ പാക് നായകൻ മുഹമ്മദ് ഹഫീസിന് ഇന്നലെ നടത്തിയ ടെസ്റ്രിൽ ഫലം നെഗറ്റീവായി. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി പാക് ക്രിക്കറ്റ് ബോർഡ് നടത്തിയ ടെസ്റ്റിലാണ് ഹഫീസുൾപ്പെടെ 10 താരങ്ങൾ പോസിറ്റീവായത്. തുടർന്ന് ഹഫീസ് സ്വന്തം ചെലവിൽ നടത്തിയ ടെസ്റ്റിന്റെ ഫലം ഇന്നലെ വന്നപ്പോൾ നെഗറ്റീവാകുകയായിരുന്നു. കുടുംബാംഗങ്ങളുടേയും പരിശോധനാ ഫലം നെഗറ്രീവാണ്. തന്റെ ട്വിറ്രർ അക്കൗണ്ട് വഴി ഹഫീസ് തന്നെയാണ് പരിശോധനഫലം പുറത്തുവിട്ടത്. രണ്ടാമതൊരഭിപ്രായം അറിയുന്നതിനും ആത്മസംതൃപ്തിക്കും വേണ്ടിയാണ് സ്വന്തം നിലയ്ക്ക് കൊവിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചതെന്നും ഹഫീസ് ട്വിറ്ററിൽ കുറിച്ചു. ഫലം നെഗറ്റീവ് ആയതിൽ താരം ദൈവത്തിന് നന്ദിയും പറഞ്ഞു. 28ന് 29 അംഗ പാക് ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കാനിരിക്കെയാണ് പത്തുപേർ രോഗബാധിതരായത്. എങ്കിലും പര്യടനവുമായി മുന്നോട്ടുനീങ്ങാനാണ് പാക്,ഇംഗ്ളണ്ട് ക്രിക്കറ്റ് ബോർഡുകളുടെ തീരുമാനം. ആഗസ്റ്റിലാണ് മത്സരങ്ങൾ തുടങ്ങുന്നത്.