മലിംഗയുടെ പന്തിലെ ചുംബനം ഇനി വേണ്ടെന്ന് സച്ചിൻ
മുംബയ് : കൊവിഡ് കാലം കഴിഞ്ഞ് ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ പന്തെറിയാൻ റണ്ണപ്പെടുക്കും മുമ്പ് പന്തിൽ ഉമ്മ വെയ്ക്കുന്ന ശീലം മാറ്റണമെന്ന് ശ്രീലങ്കൻ പേസർ ലസിത് മലിംഗയോട് സച്ചിന്‍ ടെൻഡുൽക്കർ.
പന്തിന്റെ തിളക്കംകൂട്ടാൻ തുപ്പൽ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു സച്ചിൻ.
മലിംഗ പന്തിൽ ഉമ്മ വെയ്ക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സച്ചിന്‍, 'പുതിയ ഐ.സി.സി നിയമമനുസരിച്ച് തന്റെ ശീലവും മാറ്റേണ്ടിവരും! എന്തുപറയുന്നു മാലി?' എന്ന് കുറിക്കുകയും ചെയ്തു. രാജ്യാന്തര കരിയറിൽ 546 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള മലിംഗ പന്തെറിയാൻ റണ്ണപ്പ് തുടങ്ങുമ്പോൾ പന്തിൽ ഉമ്മ വെയ്ക്കുന്നത് പതിവാണ്.
ഉമിനീരുകൊണ്ട് പന്ത് മിനുസപ്പെടുത്തുന്നത് കോവിഡ് -19 രോഗത്തിന്റെ പശ്ചാത്തലത്തിൽ വിലക്കിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പന്തിന് തിളക്കം കൂട്ടാന്‍ കൃത്രിമ വസ്തുക്കൾ ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഇതിനിടെ ആസ്‌ട്രേലിയൻ പന്ത് നിർമാതാക്കളായ കൂക്കാബുറ ഉമിനീര്, വിയർപ്പ് എന്നിവയ്ക്ക് പകരം തിളക്കം കൂട്ടാൻ ഉപയോഗിക്കാവുന്ന വാക്സ് നിർമിക്കുകയും ചെയ്തിരുന്നു.