വിസ്ഡൻ ഇന്ത്യ നടത്തിയ വോട്ടെടുപ്പിൽ സച്ചിനെ മറികടന്ന് രാഹുൽ ദ്രാവിഡ്
മുംബയ് : കഴിഞ്ഞ 50 വർഷത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ ആരെന്ന ചോദ്യമുയർത്തി ക്രിക്കറ്റ് മാഗസിനായ വിസ്ഡൻ ഇന്ത്യ നടത്തിയ ഒാൺലൈൻ വോട്ടെടുപ്പിൽ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെ മറികടന്ന് വിജയിയായത് രാഹുൽ ദ്രാവിഡ്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയിട്ടുള്ളതും നിരവധി ബാറ്റിംഗ് റെക്കാഡുകൾ സ്വന്തമായുള്ളതും സച്ചിനാണെങ്കിലും ടെസ്റ്റ് ശൈലിയിലെ പൂർണതയും മാച്ച് വിന്നിംഗ് ഇന്നിംഗ്സുകളും വൻമതിലെന്ന വിശേഷണത്തിന് ഉടമയായ ദ്രാവിഡിന് തുണയാവുകയായിരുന്നു.
ആരാധകർ എന്നും ഓർമിക്കുന്ന ഈ ഇന്നിംഗ്സുകളാണ് വോട്ടെടുപ്പിൽ ദ്രാവിഡിനെ ഒന്നാമതെത്തിച്ചത്. ദ്രാവിഡിന് 52% വോട്ടുകൾ ലഭിച്ചപ്പോൾ സച്ചിന് 48% പിന്തുണ കിട്ടി. 11,400 ആരാധകരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. മുൻ ക്യാപ്ടൻ സുനിൽ ഗാവസ്കറാണ് മൂന്നാം സ്ഥാനത്തെത്തിയത്. നിലവിലെ ക്യാപ്ടൻ വിരാട് കൊഹ്‌ലിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ഗാവസ്കറുടെ നേട്ടം.
ആദ്യ നാലിലെത്തിയ നാലു ബാറ്റ്സ്മാൻമാർക്കും ടെസ്റ്റ് ക്രിക്കറ്റിൽ 50ന് മുകളിൽ ബാറ്റിംഗ് ശരാശരിയുണ്ട്. കളിച്ച മത്സരങ്ങൾ, റൺസ്, ബാറ്റിംഗ് ശരാശരി എന്നിവയിലെല്ലാം മുന്നിൽ നിൽക്കുന്നത് സച്ചിനാണ്.
സച്ചിൻ 200 ടെസ്റ്റിൽ നിന്ന് 53.78 ശരാശരിയിൽ 15921 റൺസെടുത്തിട്ടുണ്ട്.
164 മത്സരങ്ങളിൽ 52.31 ശരാശരിയിൽ 13,288 റൺസാണ് ദ്രാവിഡിന്റെ സമ്പാദ്യം.
ഗാവസ്കർ 125 ടെസ്റ്റിൽ നിന്ന് 51.12 ശരാശരിയിൽ 10,122 റൺസ് നേടിയിട്ടുണ്ട്.
86 ടെസ്റ്റിൽ നിന്ന് 53.62 ശരാശരിയിൽ 7240 റൺസാണ് കൊഹ്‌ലിയുടെ സമ്പാദ്യം.