murder

തിരുവല്ല: മോഷണക്കേസിൽ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ ആറുപത്തിരണ്ടുകാരനെ യുവാക്കൾ മർദ്ദിച്ചുകൊന്നു. വള്ളംകുളം നന്നൂർ കാവുങ്കൽ തെക്കേ കൊടുവേലിയിൽ കെ.കെ.രാജുവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാജുവിന്റെ അയൽവാസിയായ കാവുങ്കൽ കുരുവിക്കാട്ട് വീട്ടിൽ അഖിൽ (27), ആറാട്ടുപുഴയിൽ വാടകയ്ക്ക് താമസിക്കുന്ന സുഹൃത്ത് അർജുൻ (22) എന്നിവരെ അറസ്റ്റുചെയ്തു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പൊലീസ് പറയുന്നത്- ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിക്കുന്ന സ്ഥിരം മോഷ്ടാവാണ് രാജു. കഴിഞ്ഞ 12നാണ് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. 2008ൽ നടന്ന ഒരു സ്പിരിറ്റ് കേസിലെ രണ്ടാംപ്രതിയായിരുന്നു അഖിൽ. തന്നെ അന്ന് പൊലീസിന് ഒറ്റുകൊടുത്തത് രാജുവാണെന്ന് കരുതി അഖിൽ വൈരാഗ്യത്തിലായിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാജുവുമായി അഖിലും അർജുനും വഴക്കുണ്ടായി.

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ മദ്യപിച്ചെത്തിയ ഇവർ വീട്ടിൽകയറി രാജുവിനെ ആക്രമിച്ചു. രാജു ഇവരെ കത്തികൊണ്ട് കുത്തി. തുടർന്ന് രാജുവിനെ ഇരുവരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും കല്ലുകൊണ്ടിടിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തശേഷം മുങ്ങി. പൊലീസെത്തി രാജുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നു നടത്തിയ തെരച്ചിലിൽ 12 മണിയോടെ അഖിലിനെയും അർജുനെയും പൊലീസ് പിടികൂടി. മോളിയാണ് രാജുവിന്റെ ഭാര്യ. മക്കൾ: പ്രിൻസ്, പ്രസില്ല.