covid

ബീജിംഗ്: കൊവിഡ് സംഹാരതാണ്ഡവമായിട്ടും ഇക്കുറിയും പട്ടിയിറച്ചി മേള ആരംഭിച്ചിരിക്കുകയാണ് ചൈന. ചൈനയിലെ ഒരു ഇറച്ചി മാർക്കറ്റിലാണ് കൊവിഡ് ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. പട്ടിയും പൂച്ചയുമടക്കം പല ജീവികളുടേയും ഇറച്ചികൾ ഈ മാർക്കറ്റിൽ ലഭിച്ചിരുന്നു. ഇപ്പോൾ വീണ്ടും, രോഗത്തിന്റെ രണ്ടാം തരംഗത്തിന് വഴിവെയ്ക്കും വിധം രാജ്യത്തെ തന്നെ ഏറ്റവും വലിയ പട്ടിയിറച്ചി മേളയാണ് യുലിൻ നഗരത്തിൽ ആരംഭിച്ചിരിക്കുന്നത്. 21 മുതൽ 30 വരെയാണ് പട്ടിയിറച്ചി മേള നടക്കുന്നത്. പ്രതിദിനം 400 നായ്ക്കളും 200 പൂച്ചകളും വരെ വിൽക്കപ്പെടുന്നു. ആയിരത്തോളം പേരാണ് ഒരു ദിവസം ഇവ വാങ്ങാനായി എത്തുന്നത്. വളർത്തു മൃഗമായി മാത്രമേ നായയെ ഉപയോഗിക്കാവൂ എന്ന് നിർദ്ദേശം ഉണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല. തികച്ചും പ്രാകൃതമായ രീതിയിലാണ് നായ്ക്കളെ കൈകാര്യം ചെയ്യുന്നത്. കൂട്ടിൽ കുത്തിനിറച്ച നിലയിൽ വിൽപ്പനയ്‌ക്കെത്തുന്ന നായ്ക്കൾ, വൃത്തിഹീനമായ ചുറ്റുപാടിലാണ് കഴിയുന്നത്. ഇവയെ ജീവനോടെ തീയിലിട്ട് ചുട്ടാണ് ഭക്ഷിക്കുന്നത്.

 കൊവിഡിനെ മാടി വിളിച്ച് ചൈന

കൊവിഡ് വലിയൊരു പാഠമാണ് ചൈനയ്ക്ക് നൽകിയത്. അതുകൊണ്ട് തന്നെ മൃഗങ്ങളോടുള്ള മനോഭാവത്തെ കുറിച്ച് ചൈന പുനർവിചിന്തനം നടത്തേണ്ടതുണ്ട്. കൊവിഡിന്റെ രണ്ടാം വരവ് ഏറെക്കുറെ ചൈന ഉറപ്പിച്ച് കഴിഞ്ഞു. ഒരേസമയം ആയിരത്തോളം ആളുകൾ വന്നു പോകുന്ന യുലിനിൽ രോഗബാധയ്ക്കുള്ള സാദ്ധ്യത വളരെ കൂടുതലാണ്. കൊവിഡിനെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണിത്.

വുഹാനിലെ മാംസച്ചന്തയിൽ നിന്നാണ് ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ ഉത്ഭവം എന്ന വാദങ്ങൾ ശക്തമായി നിലനിൽക്കുന്നതിന് പിന്നാലെ രാജ്യത്ത് ജീവികളുടെ ഇറച്ചി വിൽക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഏപ്രിലിൽ ഷെൻജേൻ നഗരത്തിൽ പട്ടിയിറച്ചി നിരോധിച്ചെങ്കിലും മറ്റ് നഗരങ്ങൾ അത് പാലിച്ചില്ല.