plane

ഇസ്ളാമാബാദ്: 97 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തിനു കാരണം പൈലറ്റുമാരുടെ അശ്രദ്ധ. വിമാനം ഓടിക്കുന്നതിനിടെ അവസാന നിമിഷം വരെ കൊവിഡ് രോഗത്തെ കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു അവർ‌. എയർ ട്രാഫിക് കൺട്രോളുമായി വർത്തമാനം പറയുന്നതിലായിരുന്നു ഇവരുടെ ശ്രദ്ധ. മേയ് 22നുണ്ടായ കറാച്ചി വിമാന അപകടത്തെ കുറിച്ച് അന്വേഷിച്ച സംഘം കണ്ടെത്തിയതാണിത്.

പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനം തകർന്ന് വീണ് രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. 'പൈലറ്റോ എയർ ട്രാഫിക് കൺട്രോളോ ജോലിക്കിടയിലെ സാമാന്യ നിയമങ്ങളൊന്നും പാലിച്ചിരുന്നില്ല.' പാകിസ്ഥാൻ വ്യോമയാന മന്ത്രി ഗുലാം സർവാർ ഖാൻ പാർലമെന്റിൽ പറഞ്ഞു. ഫ്രഞ്ച് സർക്കാരിന്റെയും പാകിസ്ഥാൻ വ്യോമയാന വിഭാഗത്തിന്റെയും ഉദ്യോഗസ്ഥർ വിമാനത്തിലെ ഡാറ്റയും വോയിസ് റെക്കോർഡറും പരിശോധിച്ചു. വിമാനത്തിന് യാതൊരുവിധ യന്ത്രതകരാറും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.