kim-jong-un

സോൾ: ദക്ഷിണ കൊറിയയ്ക്കെതിരെ നടത്താനിരുന്ന സൈനിക നീക്കത്തിൽ നിന്ന് ഉത്തര കൊറിയ പിന്മാറുന്നതായി റിപ്പോർട്ട്. ഇരുരാജ്യങ്ങൾക്കും മദ്ധ്യേ ഉഭയകക്ഷി ചർച്ചകൾക്കായി നിർമ്മിച്ച ഓഫീസ് ഉത്തര കൊറിയ തകർത്തതിനു പിന്നാലെയാണ് സൈനിക നീക്കത്തിൽ നിന്ന് രാജ്യം പിൻമാറുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇതോടെ ഇരുകൊറിയകളും തമ്മിൽ രൂപപ്പെട്ട സംഘർഷസാദ്ധ്യത ഒഴിഞ്ഞു.

ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ നിലവിലെ സാഹചര്യം വിലയിരുത്തിയെന്നും സൈനിക നീക്കം തത്കാലത്തേയ്ക്ക് നിറുത്തിയെന്നും ഉത്തര കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസി ഇന്നലെ അറിയിച്ചു. വിശദവിവരങ്ങൾ പുറത്തു വിടാൻ ഏജൻസി തയ്യാറായില്ല. 1950ലെ കൊറിയൻ യുദ്ധത്തിന്റെ എഴുപതാം വാർഷികദിനത്തിന് ഒരു ദിവസം മുൻപാണ് ദക്ഷിണ കൊറിയയ്ക്ക് ആശ്വാസം പകരുന്ന റിപ്പോർട്ട് പുറത്തു വരുന്നത്.
ഇതിനിടെ ദക്ഷിണ കൊറിയയ്ക്കെതിരെ പ്രചാരണം നടത്തുന്നതിനായി ഉത്തര കൊറിയ രാജ്യാതിർത്തിയിൽ സ്ഥാപിച്ച പത്തോളം വലിയ ഉച്ചഭാഷിണികൾ നീക്കം ചെയ്തതായി ദക്ഷിണ കൊറിയ കണ്ടെത്തിയിട്ടുണ്ട്. രാജ്യാന്തര അതിർത്തിയിൽ സേനാ സാന്നിദ്ധ്യമില്ലാത്ത ഇടങ്ങളിലും കഴിഞ്ഞയാഴ്ച ഉത്തര കൊറിയ സൈനികരെ വിന്യസിച്ചതോടെ ദക്ഷിണ കൊറിയയും തങ്ങളുടെ 10 ഫ്രണ്ട് ലൈൻ ഗാർഡ് പോസ്റ്റുകളിൽ സേനാവിന്യാസം ശക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറിന്റെ ഭാഗമായി സേനകൾ പിൻവാങ്ങിയ ഇടങ്ങളിലാണ് വീണ്ടും സൈനിക വിന്യാസം നടത്തിയത്. ഇതിനു പുറമെയായിരുന്നു സമാധാന ചർച്ചകൾക്കായി രണ്ട് വർഷം മുൻപ് ഇരുരാജ്യങ്ങളും ചേർന്നു സ്ഥാപിച്ച ഓഫീസ് ഉത്തര കൊറിയ ബോംബിട്ടു തകർത്തത്.