k-surendran

തിരുവനന്തപുരം: പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനെ പിണറായി സര്‍ക്കാര്‍ പാര്‍ട്ടി കമ്മീഷനാക്കി മാറ്റിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ പി.എസ്.സിയുടെ സുതാര്യത നശിപ്പിച്ച് പരീക്ഷയുടെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ത്തു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ യുവജനവഞ്ചനയ്ക്കും നിയമനനിരോധനത്തിനുമെതിരെ പി.എസ്.സി ആസ്ഥാനത്തിന് മുമ്പില്‍ നടന്ന നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊലിസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാനായിട്ടും സര്‍ക്കാര്‍ നിയമനം നടത്തുന്നില്ല. സി.പി.എം ക്രിമിനലുകളെ തിരുകികയറ്റാന്‍ വേണ്ടി പരീക്ഷ അട്ടിമറിച്ചതിന് ഉദ്യോഗാര്‍ത്ഥികള്‍ എന്ത് പിഴച്ചുവെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ജീവിതമാണ് സര്‍ക്കാര്‍ നശിപ്പിക്കുന്നത്. പി.എസ്.സി അന്വേഷണത്തിലല്ല പ്രതികള്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് കത്തിക്കുത്ത് നടത്തിയപ്പോഴാണ് ഭരണഘടനാ സ്ഥാപനത്തെ സര്‍ക്കാര്‍ അട്ടിമറിച്ച സത്യം ജനങ്ങളറിഞ്ഞത്.

ഏറെകൊട്ടിഘോഷിച്ച് നടപ്പിലാക്കിയ കെ.എ.എസ് പരീക്ഷയുടെ അവസ്ഥയും ഇത് തന്നെയാണെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഗുണമേന്മയില്ലാത്ത ഒ.എം.ആര്‍ ഷീറ്റ് ഉപയോഗിച്ച് പരീക്ഷ നടത്തിയ ശേഷം ഉത്തരക്കടലാസുകള്‍ മാന്വലായി പരിശോധിക്കുന്നത് ഗൂഢാലോചനയാണ്. ഇതിന് വേണ്ടി സി.പി.എമ്മിന്റെ പാദസേവകരായ പി.എസ്.സി ഉദ്യോഗസ്ഥരെയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇടതുസര്‍ക്കാരിന്റെ യുവജനദ്രോഹ നിലപാടിനെതിരെയും പി.എസ്.സി നിയമനനിരോധനത്തിനെതിരെയും മിണ്ടാത്ത ഡി.വൈ.എഫ്.ഐ ഒരു ശവമായി മാറി. 16ാം അടിയന്തരം കഴിഞ്ഞ ഡി.വൈ.എഫ്.ഐയെ ഇനി പാപനാശനത്ത് പിണ്ഡം ഒഴുക്കി കളയുന്നതാണ് നല്ലത്. നേതാക്കള്‍ എം.എല്‍.എമാരായതോടെ സംഘടന പിണറായി വിജയന്റെ ഏറാന്‍മൂളികളായി മാറിയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. തൊഴിലില്ലായ്മയില്‍ നമ്പര്‍ വണ്ണായ കേരളത്തെ പൂര്‍ണ്ണമായും കരാര്‍ നിയമനത്തിലേക്ക് കൊണ്ടു പോവാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. യോഗ്യതയില്ലാത്ത സ്വന്തം പാര്‍ട്ടിക്കാരെ നിയമിക്കലാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ദാതാവ് അല്ലാതാകുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.

ജനവിരുദ്ധ നയം മറച്ചുവെക്കാന്‍ വ്യാജപ്രചരണം നടത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി ശൈലജയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം കിട്ടിയെന്ന വാര്‍ത്ത വന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ ദിവസവും നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വെബിനാറില്‍ ഒരു ദിവസം പങ്കെടുത്തുവെന്നല്ലാതെ എന്ത് പുരസ്‌ക്കാരമാണ് ശൈലജയ്ക്ക് കിട്ടിയത്. ജനരോഷത്തില്‍ നിന്നും സര്‍ക്കാരിനെ രക്ഷിക്കാന്‍ ജനങ്ങളെ പറ്റിക്കുകയാണ് പിണറായിയും ശൈലജയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുസ്ലിം വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് വാരിയന്‍ കുന്നത്ത് സിനിമ ചർച്ചയാക്കുന്നത്. എ.കെ.ജി സെന്ററിന് വേണ്ടി ആഷ്ഖ് അബുവിന്റെയും റീമാകല്ലിങ്കലിന്റെയും നാടകമാണിത്. ചരിത്രവസ്തുതയില്ലാത്ത സിനിമകള്‍ ചവറ്റുകൊട്ടയിലേക്ക് പതിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ആര്‍ അനുരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.എല്‍ അജേഷ്, അഖില്‍ രവീന്ദ്രന്‍, സംസ്ഥാന സെക്രട്ടറി ബി.ജി വിഷ്ണു, ജില്ലാ പ്രസിഡന്റ് ആര്‍.സജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി നന്ദു.എസ് നായര്‍,ജില്ലാ വൈസ്പ്രസിഡന്റുമാരായ ഉണ്ണിക്കണ്ണന്‍ എം.എ, അഭിജിത്ത്, ജില്ലാ സെക്രട്ടറിമാരായ ആശാനാഥ്, ആനന്ദ്.എസ്.എം, അനൂപ് വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് അഭിലാഷ് എന്നിവര്‍ സംസാരിച്ചു.