നമ്മുടെ രാജ്യത്തെ ഭീകരതയിലാഴ്ത്തിയ ദേശീയ അടിയന്തിരാവസ്ഥയുടെ ഈ നാൽപ്പത്തി അഞ്ചാം വാർഷികത്തിൽ അതിന്റെ ഇരുണ്ടതും കിരാതവുമായ ഭീകരരാത്രികളും, അടിയന്തരാവസ്ഥയ്ക്കെതിരായി പൊരുതിയ ഈ ലേഖകനടക്കമുള്ള ലക്ഷക്കണക്കിന് പേരുടെ ത്യാഗങ്ങളും യാതനകളും നടുക്കത്തോടെ ഓർത്തുപോകുകയാണ്.
മഹാനായ അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുണ്ട്. മനുഷ്യൻ ഒരു രാഷ്ട്രീയ മൃഗമാണെന്ന്. എന്നാൽ പ്രബുദ്ധരായ ഈ മനുഷ്യരിൽ ഭൂരിപക്ഷവും തനി മൃഗമായി മാറിയ ചിത്രമാണ് അന്നു നമ്മുടെ നാട്ടിൽ കാണാൻ കഴിഞ്ഞത്.
1975 ജൂൺ 25 ന് അർധരാത്രി പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാത്രി തന്നെ റേഡിയോ വഴി വാർത്ത ഞങ്ങൾക്ക് കിട്ടി. അന്ന് സി.പി.എം. ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി അംഗവും, പാർട്ടിയുടെ യുവജന സംഘടനയായ കെ.എസ്.വൈ.എഫ്. ചിറയിൻകീഴ് താലൂക്ക് സെക്രട്ടറിയുമായിരുന്നു ഞാൻ. എന്നോടൊപ്പമുള്ള കെ.എസ്.വൈ.എഫ്, എസ്.എഫ്.ഐ. പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ന് രാത്രി തന്നെ ആറ്റിങ്ങൽ ഠൗണിന്റെ വിവിധ ഭാഗങ്ങളിൽ അടിയന്തിരാവസ്ഥക്ക് എതിരായ പോസ്റ്ററുകൾ എഴുതി വ്യാപകമായി പതിക്കുകയുണ്ടായി. രാത്രിതന്നെ അടിയന്തരാവസ്ഥയ്ക്ക് എതിരായി ആറ്റിങ്ങൽ ഠൗണിൽ പ്രകടനവും ഞങ്ങൾ നടത്തി. അടിയന്തരാവസ്ഥയ്ക്ക് എതിരായ പ്രകടനത്തിലും പോസ്റ്റർ പതിക്കലിലുമെല്ലാം എന്നോടൊപ്പം അന്നത്തെ വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തകരായ എസ്.അസീം, എൻ. ശശിധരക്കുറുപ്പ്, കെ.ശ്രീവത്സൻ , കെ.ഹരി, ബി.ശശി, കെ.സുഭാഷ്, വിജയകുമാർ തുടങ്ങിയ പ്രവർത്തകരും സജീവമായി പങ്കെടുത്തിരുന്നു. നേരം വെളുത്ത ഉടൻ തന്നെ എന്നെയും എന്നോടൊപ്പം ഇതിൽ പങ്കെടുത്ത ശശിധരകുറുപ്പിനെയും, അസീമിനിനെയും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്നാണ് എന്നെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം ആറ്റിങ്ങൽ ലോക്കപ്പിൽ കിടത്തുകയും ക്രൂരമർദ്ദനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് പോലീസ് ഞങ്ങളെ ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. രാജ്യരക്ഷാ നിയമം അനുസരിച്ച് ഞങ്ങളെ കോടതി റിമാന്റ് ചെയ്യുകയും ആറ്റിങ്ങൽ സബ്ജയിലിൽ തടവിലാക്കുകയും ചെയ്തു.
ഞങ്ങൾക്ക് ജാമ്യത്തിനുവേണ്ടി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ജാമ്യാപേക്ഷ കോടതി നിരസിക്കുകയാണ് ചെയ്തത്. എന്നാൽ വിദ്യാർത്ഥികൾ എന്ന നിലയിൽ കേരള ഹൈക്കോടതിയിൽ ജാമ്യത്തിനു മൂവ് ചെയ്താൽ ജാമ്യം കിട്ടാൻ സാധ്യത ഉണ്ടെന്ന് അന്നത്തെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. പിരപ്പൻകോട് ശ്രീധരൻനായർ പാർട്ടി നേതാക്കളേയും, എന്റെ പിതാവ് ശ്രീ. സി. കെ. ഗംഗാധരനെയും എന്റെ സഹോദരി ഭർത്താവായ ശ്രീ. ബാലകൃഷ്ണനെയും അറിയിക്കുകയുണ്ടായി. അന്ന് ഞാൻ പ്രീ-ഡിഗ്രി പാസായിട്ടുണ്ടായിരുന്നു. എന്റെ പിതാവിന്റെ സുഹൃത്തായിരുന്ന കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പാൾ ഡോ. ശ്രീനിവാസന്റെ സഹായത്തോടെ ജയിലിൽ കിടക്കുമ്പോൾ തന്നെ എന്നെ കൊല്ലം എസ്.എൻ കോളേജിൽ ബി.എ. പൊളിറ്റിക്സിന് ചേർക്കുകയും, വീണ്ടും വിദ്യാർത്ഥി എന്ന നിലയിൽ ഹൈക്കോടതിയിൽ ജാമ്യത്തിനായി മൂവ് ചെയ്യുകയും ചെയ്തു. ഡി.ഐ.ആർ. അറസ്റ്റിന്റെ പേരിൽ ഒരു വിദ്യാർത്ഥിയുടെ പഠനം നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്നും അത് ഒഴിവാക്കണവുമെന്ന ഹൈക്കോടതി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എനിക്കും എന്നോടൊപ്പം ജയിലിലുണ്ടായിരുന്ന വിദ്യാർത്ഥികളായ പ്രതികൾ അസീമിനും ശശിക്കും കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പലരുടെയും ജീവൻ പോലും പോലീസ് കവർന്നെടുത്തു. ഇക്കൂട്ടത്തിൽ പെട്ട അടിയന്തിരാവസ്ഥക്കെതിരായി ത്യാഗപൂർവ്വം പൊരുതിയ പതിനായരങ്ങളിൽ ഒരു എളിയ പ്രവർത്തകൻ മാത്രമാണ് ഞാൻ.
അടിയന്തരാവസ്ഥയ്ക്കെതിരായ ത്യാഗപൂർവ്വമായ പോരാട്ടവും, ഈ ജനവിരുദ്ധ കരിനിയമം നിവൃത്തിയില്ലാതെ ശ്രീമതി ഇന്ദിരാഗാന്ധിക്ക് പിൻവലിക്കേണ്ടിവന്നതുമെല്ലാം വളരെ വിലപ്പെട്ട ജനാധിപത്യ പാഠങ്ങളാണ്
(ലേഖകന്റെ ഫോൺ : 9847132428
E-mail: advgsugunan@gmail.com)