കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ (2020-21) ആദ്യ രണ്ടുമാസക്കാലയളവിൽ (ഏപ്രിൽ-മേയ്) പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി ഇനത്തിൽ കേന്ദ്രസർക്കാർ സമാഹരിച്ചത് 39,955.42 കോടി രൂപ. ഏപ്രിലിൽ 10,559.82 കോടി രൂപയും മേയിൽ 29,395.60 കോടി രൂപയുമാണ് നേടിയത്. നടപ്പുവർഷം സമാഹരിക്കാൻ ലക്ഷ്യമിടുന്ന 2.48 ലക്ഷം കോടി രൂപയുടെ 16 ശതമാനമാണിത്.
ഏപ്രിലിൽ എക്‌സൈസ് നികുതി പെട്രോൾ ലിറ്ററിന് 22.98 രൂപയും ഡീസൽ ലിറ്ററിന് 18.83 രൂപയും ആയിരുന്നു. മേയിൽ കേന്ദ്രം പെട്രോൾ നികുതി 32.98 രൂപയിലേക്കും ഡീസൽ നികുതി 31.83 രൂപയിലേക്കും ഉയർത്തി.
9.7 മെട്രിക് ടൺ പെട്രോളാണ് ഏപ്രിലിൽ വിറ്റഴിഞ്ഞത്. മേയിൽ ഇത് 17.69 മെട്രിക് ടണ്ണായി ഉയർന്നു. ഡീസൽ വില്പന 32.50 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 54.95 മെട്രിക് ടണ്ണായും വർദ്ധിച്ചു. ഡീസൽ വില്പന 169 ശതമാനവും പെട്രോൾ വില്പന 181 ശതമാനവും ഉയർന്നു.
90%
ഇന്ത്യയിൽ പെട്രോൾ, ഡീസൽ ഉപഭോഗം ലോക്ക്ഡൗണിന് മുമ്പത്തേതിന്റെ 90 ശതമാനത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
65%
ഇന്ത്യയിൽ ഇന്ധന റീട്ടെയിൽ വിലയുടെ 65 ശതമാനവും കേന്ദ്ര എക്‌സൈസ് നികുതിയും സംസ്ഥാന മൂല്യവർദ്ധിത നികുതിയുമാണ് (വാറ്ര്).
18-ാം നാളിൽ ഡീസൽ
വില കൂടി; പെട്രോളിന് മാറ്റമില്ല
തുടർച്ചയായ 18-ാം നാളിലും പൊതുമേഖലാ എണ്ണക്കമ്പനികൾ ഡീസൽ വില കൂട്ടി. ഇന്നലെ തിരുവനന്തപുരത്ത് ഡീസൽ വില ലിറ്ററിന് 45 പൈസ വർദ്ധിച്ച് 77.09 രൂപയായി. ഇന്നലെ പെട്രോൾ വില മാറ്രമില്ലാതെ 81.48 രൂപയിൽ നിലനിറുത്തി.
18 ദിവസത്തിനിടെ ഡീസൽ വിലയിൽ കൂടിയത് 9.90 രൂപയാണ്. 17 ദിവസത്തിനിടെ പെട്രോളിന് 8.49 രൂപയും കൂട്ടിയിരുന്നു.
₹ 79.88
ന്യൂഡൽഹിയിൽ പെട്രോളിനേക്കാൾ വില ഇപ്പോൾ ഡീസലിനാണ്; ഇന്നലെ വില ലിറ്ററിന് 79.88 രൂപ. പെട്രോളിന് 79.76 രൂപ.