തിരുവനന്തപുരം: മാനവ വിഭവ ശേഷി മന്ത്രാലയം ദേശീയ തലത്തിൽ നടത്തിയ ഇന്റർ സ്കൂൾ ബാൻഡ് വാദ്യ മത്സരത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനവും നേടിയിട്ടും കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നില്ല എന്നാക്ഷേപം. പത്താം ക്ലാസ് പരീക്ഷ എഴുതി നിൽക്കുന്ന അനന്യ പി.എം, അഷിത രാജഗോപാൽ, നീലാംബരി രഘുനാഥ് എന്നിവർക്കാണ് ഗ്രേസ് മാർക്ക് നിഷേധിക്കപ്പെട്ടത്. തങ്ങളുടെ മക്കൾക്ക് ഗ്രേസ് മാർക്ക് അന്യായമായി നിഷേധിക്കരുതെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും നിവേദനം നൽകി.
ഈ വർഷം പത്താം ക്ലാസിൽ പഠിക്കുമ്പോൾ നടത്തിയ കലോത്സവത്തിൽ സബ് ജില്ലാ മത്സരത്തിൽ എ. ഗ്രേഡ് നേടിയിരുന്നെങ്കിലും ജില്ലാ തലത്തിലെ മത്സരത്തിൽ ആംഗ്ലോ ഇന്ത്യൻ സ്കൂളിന് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. മത്സരത്തിലെ വിധി നിർണയത്തിനെതിരെ അപ്പീൽ നൽകിയെങ്കിലും സംസ്ഥാന തലമത്സരത്തിൽ ഇവർക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചില്ല. എട്ട്, ഒമ്പത് , പത്ത് ക്ലാസുകളിൽ പഠിക്കുമ്പോൾ സംസ്ഥാന തല മത്സരത്തിൽ വിജയികളായവർക്ക് ഗ്രൈസ് മാർക്ക് ഗ്രേസ് മാർക്ക് നൽകാറുണ്ടെങ്കിലും 2017-18ലും 2018-19ലും സംസ്ഥാന മത്സരങ്ങളിലും 2019ലെ ദേശീയ മത്സരത്തിലും ഒന്നാം സ്ഥാനം കിട്ടിയ ഇവർക്ക് ഗ്രേസ് മാർക്ക് നൽകാൻ നടപടി ആയില്ല. ഇവർ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംസ്ഥാന ദേശീയ മത്സരത്തിൽ വിജയികളാവുന്നത്. ആ ടീമിൽ പത്താം ക്ലാസിലുണ്ടായിരുന്നവർക്ക് ഗ്രേസ് മാർക്ക് കഴിഞ്ഞ വർഷം കിട്ടുകയും ചെയ്തു.