vs-sivakumar

തിരുവനന്തപുരം:ആരോഗ്യവകുപ്പിന്റെ വീഴ്ച തുറന്നുസമ്മതിക്കുന്നതാണ് കളക്ടറുടെ റിപ്പോർട്ടെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ പറഞ്ഞു. ഇതുസംബന്ധിച്ച് പ്രതിപക്ഷം നേരത്തെ ഉന്നയിച്ച കാര്യങ്ങൾ ശരിവയ്ക്കുന്ന സാഹചര്യമാണ് ഇന്ന് തലസ്ഥാന നഗരിയിലുള്ളത്. തിരുവനന്തപുരത്ത് നാലു മരണം നടന്നതിൽ മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തതും, ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന രണ്ടുപേർ ആത്മഹത്യ ചെയ്തതും വീഴ്ചയുടെ ഉദാഹരണങ്ങളാണ്.

കൊവിഡ് രോഗംമൂലം ഏറ്റവുമധികം മരണം നടന്ന ജില്ലകളിലൊന്നാണ് തിരുവനന്തപുരം. സാമൂഹിക വ്യാപനത്തിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുന്ന സർക്കാരിന്റെ ജാഗ്രതക്കുറവുമൂലമാണ് കൊവിഡ് പ്രതിരോധരംഗത്ത് ഇത്തരം വീഴ്ചകളുണ്ടാകുന്നതെന്ന് ശിവകുമാർ പറഞ്ഞു. കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തുന്നതിനും സമയബന്ധിതമായി പരിശോധനാഫലം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.