1

പൂവാർ: പ്രകൃതിയുടെ വരദാനമായ പൂവാറിലെ കണ്ടൽക്കാടുകളും ഇതുവഴിയുള്ള ബോട്ടുയാത്രയും എന്നും സഞ്ചാരികൾക്ക് പ്രിയങ്കരമാണ്. തലസ്ഥാനത്തു നിന്ന് 38 കിലോമീറ്റർ മാറി പൂവാർ, കുളത്തൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ നെയ്യാർ പൂവാറായി മാറുന്ന ഭാഗങ്ങളിലെ ഈ കണ്ടൽക്കാടുകൾ ഇന്ന് നാശത്തിന്റെ വക്കിലാണ്. ആഴം കുറഞ്ഞ പൊഴിക്കരയിലെ സ്വാഭാവിക വനങ്ങളാണ് പൂവാറിലെ കണ്ടൽക്കാടുകൾ. ചരിത്രമുറങ്ങുന്ന പൂവാർ, ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചതോടെയാണ് കണ്ടൽക്കാടുകളുടെ നാശം തുടങ്ങിയതെന്ന് പ്രകൃതി സ്റ്റേഹികൾ ആരോപിക്കുന്നു. കണ്ടലിന്റെ ശ്വസന വേരുകളും താങ്ങുവേരുകളും കൂടി പിണഞ്ഞ് മതിൽക്കെട്ടു നിർമ്മിച്ച് തീരം സുരക്ഷിതമാക്കും. നഷ്ടപ്പെട്ട പച്ചപ്പുകളെ തിരികെ കൊണ്ടുവരാൻ പൂവാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനത്തിൽ പൊഴിക്കരയിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചിരുന്നു. നശിച്ചുകൊണ്ടിരിക്കുന്ന കണ്ടൽച്ചെടികളെ സംരക്ഷിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

കണ്ടൽക്കാടുകൾ അതിജീവിക്കുന്നത്

 കാലാവസ്ഥാവ്യതിയാനം

 ആഗോളതാപനം

 സുനാമി

 കടലാക്രമണം

കോടാലി വയ്ക്കരുതേ...

സർക്കാരിന്റെ നിർമ്മാണങ്ങൾ, ടൂറിസത്തിന്റെ പേരിൽ കെട്ടിപ്പൊക്കുന്ന ബഹുനില മന്ദിരങ്ങൾ, ഫ്ളോട്ടിംഗ് റെസ്റ്റോറന്റുകൾ, ബോട്ടു ജെട്ടികൾ, ഭൂമി കൈയേറ്റങ്ങൾ തുടങ്ങിയവ കാരണം കായൽ തീരവും കണ്ടൽക്കാടുകളും അപ്രത്യക്ഷമാവുകയാണ്. അവശേഷിക്കുന്നിടങ്ങളിൽ മാലിന്യങ്ങൾ കുന്നുകൂടി സൂഷ്മജീവികളും മത്സ്യസമ്പത്തും ചത്തടിയുന്ന സ്ഥിതിയാണ്. കായലുകൾ കൈയേറി വൻകിട നിർമ്മാണങ്ങൾ നടത്തിയിട്ടും ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും നിയമ നടപടി സ്വീകരിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന് കത്ത് നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ലോക്ഡൗൺ കൈയേറ്റം

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും നോക്കുകുത്തികളാക്കി ഭൂമാഫിയകളും റിസോർട്ട് ഉടമകളും അനധികൃത നിർമാണവും ഭൂമികൈയേറ്റവും വ്യാപകമാക്കിയതായി നാട്ടുകാർ ആരോപിക്കുന്നു.

അനധികൃത നിർമ്മാണങ്ങളും കൈയേറ്റവും ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

- കെ. ആൻസലൻ എം.എൽ.എ

ഫോട്ടോ: പൂവാർ പൊഴിക്കരയിലെ കണ്ടൽക്കാടുകൾ