air-india

തിരുവനന്തപുരം: ഒരാളില്‍നിന്ന് നിരവധി പേരിലേക്ക് രോഗം പകരുന്ന സൂപ്പര്‍ സ്‌പ്രെഡ് എന്ന ഭീകരാവസ്ഥയുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് പ്രവാസികൾക്ക് വിമാനയാത്രക്ക് മുൻപ് സ്ക്രീനിംഗ് നിർബന്ധമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സാഹചര്യത്തില്‍ പ്രൈമറി കോണ്ടാക്ട് വഴി കൂടുതല്‍ മരണങ്ങളുണ്ടാകുന്നുണ്ടെന്നും സൂപ്പര്‍ സ്‌പ്രെഡിന് വിമാനയാത്രകള്‍ കാരണമാകുന്നു എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കാരണങ്ങൾ കൂടി കണക്കിലെടുത്താണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്രകള്‍ക്ക് മുമ്പായി സ്‌ക്രീനിംഗ് നിര്‍ബന്ധമാക്കേണ്ടതുണ്ട് എന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാര്യക്ഷമമായി സ്‌ക്രീനിംഗ് നടത്താനുള്ള സൗകര്യങ്ങളൊരുക്കി യാത്ര തടയാതെയും നീട്ടിവെപ്പിക്കാതെയും നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചതെന്നും അതെങ്ങനെ സാധ്യമാകും എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരുമായും എംബസികളുമായും ബന്ധപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.