rajnath-singh

 മാർച്ചിന് ചൈനീസ് സേനയും

മോസ്കോ:രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്ക് മേൽ സോവിയറ്റ് റഷ്യ നേടിയ വിജയത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് മോസ്കോയിലെ ചുവന്ന ചത്വരത്തിൽ നടന്ന 'വിക്ടറി ഡേ" പരേഡ് പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് അഭിമാനപൂർവം വീക്ഷിച്ചു.

ഇന്ത്യയുടെ കര -നാവിക -വ്യോമ സേനകളിൽ നിന്ന് തിരഞ്ഞെടുത്ത 75 പേരടങ്ങുന്ന സംഘം പരേഡിൽ മാർച്ച് ചെയ്തു.

' ഇന്ത്യൻ സൈനികർ പരേഡിൽ പങ്കെടുത്തതിൽ അളവറ്റ അഭിമാനവും സന്തോഷവും തോന്നുന്നുവെന്നും' രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ചടങ്ങിന്റെ വിവരം രാജ്നാഥ് സിംഗ് പങ്കുവച്ചത്.

ഇന്ത്യയും ചൈനയും റഷ്യയും ഉൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നുള്ള സൈനിക സംഘങ്ങൾ പരേഡിൽ പങ്കെടുത്തു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ, മുതിർന്ന യുദ്ധവീരൻമാർ, പ്രധാന അതിഥികൾ തുടങ്ങിയവരും പരേഡ് വീക്ഷിച്ചു. പരേഡ് വീക്ഷിക്കാൻ ചൈനീസ് പ്രതിരോധമന്ത്രിയും എത്തിയിരുന്നുവെങ്കിലും അദ്ദേഹവുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നില്ല.

മൂന്നുദിവസത്തെ റഷ്യൻ സന്ദർശനത്തിന്റെ രണ്ടാംദിവസം രാജ്‌നാഥ് സിംഗ് റഷ്യൻ ഉപ പ്രധാനമന്ത്രി യൂറി ബോറിസോവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ- റഷ്യ ബന്ധം, പ്രതിരോധ പങ്കാളിത്തം തുടങ്ങിയവ ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യയുടെ സുഹൃത്തുക്കളായ റഷ്യൻ ജനതയ്ക്ക് വിജയദിന ആശംസകളും രാജ്നാഥ് സിംഗ് നേർന്നു.

നൂറുകണക്കിന് യുദ്ധോപകരണങ്ങൾക്കും അത്യാധുനിക യുദ്ധ വാഹനങ്ങൾക്കും ഒപ്പം 14,000 സൈനികരും പരേഡിൽ പങ്കെടുത്തു. ആകാശത്ത് റഷ്യൻ പതാകയുടെ വർണങ്ങൾ വിതറി വായുസേനാ വിമാനങ്ങളും അഭ്യാസ പ്രകടനം നടത്തി.

പരേഡിൽ പങ്കെടുത്തവർക്കെല്ലാം പുടിൻ പിന്നീട് നന്ദി പറഞ്ഞു. സൈനികവും ഭരണപരവുമായ സൗഹൃദത്തിൽ ഇന്ത്യയെ റഷ്യ എത്രകണ്ട് മാനിക്കുന്നു എന്നതിന് തെളിവായാണ് പ്രതിരോധമന്ത്രിയുടെ സാന്നിദ്ധ്യത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. മെയ് 9ന് നടക്കേണ്ട പരേഡ് കൊവിഡ് വ്യാപനത്തെ തുടർന്നാണ് ജൂൺ 24ലേക്ക് മാറ്റിയത്.