ന്യൂഡൽഹി.അതിർത്തിയിൽ സ്വന്തം സേനയുടെ നിഷ്ഠൂര അതിക്രമങ്ങളും കൈയേറ്റ ശ്രമങ്ങളും മറച്ചു
പിടിക്കാൻ ഇന്ത്യക്കെതിരെ നുണ പ്രചാരണങ്ങൾ ചൈന ആവർത്തിക്കുന്നു.ചൈനീസ് സേനയിലെ സീനിയർ കേണലും പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവുമായ വൂ ക്വിയാൻ വൂ ഇന്നലെ നടത്തിയ പ്രസ്താവനയിൽ ഉടനീളം നിഴലിച്ചതും ഇതാണ്
വൂവിന്റെ വാദങ്ങൾ . ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സേന വർഷങ്ങളായി പട്രോളിംഗ് ഉൾപ്പെടെയുള്ള ഡ്യൂട്ടികൾ നിർവഹിക്കുന്നു. ഇക്കൊല്ലം ഏപ്രിൽ മുതൽ ഇന്ത്യൻ സേന അവിടെ ഏകപക്ഷീയമായി നിർമ്മാണങ്ങൾ നടത്തിയതിൽ ചൈന പ്രതിഷേധിക്കുകയും പരാതികൾ നൽകുകയും ചെയ്‌തു. മേയ് 6ന് പുലർച്ചെ ഇന്ത്യൻ സേന യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ച് ചൈനീസ് പ്രദേശത്ത് കയറി വേലികെട്ടി ചൈനീസ് സേനയുടെ പതിവ് പട്രോളിംഗ് തടയാനും അതിർത്തിയുടെ നിയന്ത്രണം ഏകപക്ഷീയമായി മാറ്റാനും ശ്രമിച്ചു. ചൈനീസ് സൈന്യം അതിനെതിരെ യുക്തമായ നടപടികളെടുത്തു. ജൂൺ 6ന് നടന്ന കമാൻഡർ തല ചർച്ചയിൽ സംഘർഷം ലഘൂകരിക്കാൻ പ്രായോഗിക നടപടികളെടുക്കാൻ ഇരുപക്ഷവും സമ്മതിച്ചു. അതിന്റെ ഭാഗമായി ഗാൽവൻ നദീമുഖത്തോ ഗാൽവൻ - ഷ്യോക് നദികളുടെ സംഗമ സ്ഥാനത്തോ പട്രോളിംഗും നിർമ്മാണങ്ങളും നടത്തില്ലെന്ന് ഇന്ത്യ ഉറപ്പ് നൽകി.. പ്രാദേശിക കമാൻഡർമാരുടെ മീറ്റിംഗ് നടത്തി ഘട്ടം ഘട്ടമായി സേനകളെ പിൻവലിക്കാനും ഇരുപക്ഷവും സമ്മതിച്ചതാണ്.
ചൈനയും ഇന്ത്യയും പരസ്പരം വളരെ പ്രധാനപ്പെട്ട അയൽക്കാരാണ്. അതിർത്തിയിൽ സമാധാനം പുലരേണ്ടത് ഇരുപക്ഷത്തിനും അനിവാര്യമാണ്. അതിന് സംയുക്തമായ നടപടികളും വേണമെന്ന 'ഉപദേശം' നൽകാനും വൂ മറന്നില്ല.