കൊൽക്കത്ത: കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പശ്‌ചിമ ബംഗാളിൽ ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. ജൂലായ് 31 വരെയാണ് നീട്ടിയത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കുമെന്നും അധികൃതർ അറിയിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട സർവകക്ഷി യോഗത്തിനൊടുവിലാണ് തീരുമാനം.
കൊവിഡ് ബാധിച്ച് ബംഗാളിൽ മരിച്ചവരുടെ എണ്ണം 591 ആയി. 445 പുതിയ കേസുകളാണു ഇന്ന് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 15,173 ആയി. 4,890 പേരാണ് ബംഗാളിൽ ഇപ്പോൾ ചികിത്സയിലുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രോഗങ്ങൾ ബാധിക്കുന്നവർ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണെന്നു രാഷ്ട്രീയ കക്ഷികൾ യോഗത്തിൽ നിലപാടെടുത്തു.
സ്വകാര്യ ആശുപത്രികൾ ഉപയോഗിക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് മമതാ ബാനർജി പറഞ്ഞു. ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും യോഗത്തിൽ തീരുമാനമായി.