തിരുവില്വാമല: സീരിയൽ താരം ആർദ്ര ദാസിന്റെ വീടിനു നേരെ ആക്രമണം. ഒരു സംഘം ആളുകൾ വീട്ടിലെത്തി ആർദ്രയുടെ അമ്മ ശിവകുമാരിയെ മർദിച്ചതായും ചെടിച്ചട്ടികളും വീട്ടുപകരണങ്ങളും തല്ലിത്തകർത്തെന്നുമാണ് പരാതി. അയൽവാസിയുമായുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ പഴയന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഒരു സംഘം ആളുകൾ ആർദ്രയുടെ പട്ടിപ്പറമ്പിലെ വീട് ആക്രമിച്ചത്. വീട്ടിന് മുന്നിലെ ചെടിച്ചട്ടികൾ തകർത്ത അക്രമികൾ ഇലക്ട്രോണിക് ഉപകരണങ്ങളും തല്ലിത്തകർത്തു.അമ്മ ശിവകുമാരിയെ മർദിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. പ്രദേശത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ പരാതി അറിയിച്ചതിന്റെ വിരോധം മൂലമാണ് തന്റെ വീട് ആക്രമിച്ചതെന്ന് ആർദ്ര പ്രതികരിച്ചു.
ആർദ്രയുടെ കുടുംബവും അയൽവാസിയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നതായി പൊലീസ് പറഞ്ഞു. അയൽവാസിയെ കല്ല് കൊണ്ട് അക്രമിച്ചതിന് സീരിയൽ നടിയുടെ അമ്മയ്‌ക്കെതിരെ കേസ് നിലവിലുണ്ട്.