ഗോഹട്ടി: മണിപ്പൂരില്‍ ബി.ജെ.പി സർക്കാരിനുളള പിന്തുണ എൻ.പി.പി തുടർന്നു നൽകും. ന്യൂഡൽഹിയിൽ എൻ.പി.പി അദ്ധ്യക്ഷൻ കോൺറാഡ് സാംഗ്മയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി നടത്തിയ ചർച്ചയിലാണ് മണിപ്പൂരിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായത്.
സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം നിയോഗിച്ച ഹിമന്ദ ബിശ്വ ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. എന്‍.പി.പി സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് ഹിമന്ദ ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു.
മൂന്ന് ബിജെപി എം.എല്‍.എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുകയും എന്‍.പി.പിയില്‍ നിന്ന് നാലു മന്ത്രിമാരും ഒരു തൃണമൂല്‍ എം.എല്‍.എയും ഒരു സ്വതന്ത്ര എം.എല്‍.എയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയാണ് ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ഇതോടെ ബി.ജെ.പി സര്‍ക്കാരിനെ രക്ഷിക്കാന്‍ മേഘാലയ മുഖ്യമന്ത്രിയും എന്‍.പി.പി നേതാവുമായ കോണ്‍റാഡ് സാംഗ്മയേയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ 'ട്രബിള്‍ ഷൂട്ടര്‍' ഹിമന്ദ ബിശ്വ ശര്‍മയേയും ബി.ജെ.പി കേന്ദ്ര നേതൃത്വം കളത്തിലിറക്കി. ഇവരുടെ ഇടപെടലാണ് എന്‍.പി.പിയുടെ പിന്തുണ ഉറപ്പിച്ചത്.
60 അംഗ നിയമസഭയില്‍ 28 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 21 എം.എല്‍..എമാര്‍ മാത്രം ഉണ്ടായിരുന്ന ബി.ജെ.പി പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.