killed

പാലക്കാട്: ഏഴുവയസുകാരനെ അമ്മ കുത്തിക്കൊന്നു. പാലക്കാട് മണ്ണാർക്കാട് ഇന്ന് പുലർച്ചെ അ‌ഞ്ച് മണിയോടെയായിരുന്നു സംഭവം. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറ‌ഞ്ഞു. നാലകത്ത് വീട്ടില്‍ ഹംസയുടെ മകള്‍ ഹസ്നത്ത് (32) ആണ് തന്റെ മകന്‍ ഇര്‍ഫാന്‍(7)നെ കൊലപ്പെടുത്തിയത്. ആലുവ സ്വദേശി സക്കീര്‍ ഹുസൈനാണ് ഭര്‍ത്താവ്. പുലര്‍ച്ചെ ഇര്‍ഫാന്റെ ഒമ്പത് മാസം പ്രായമുള്ള ഇളയ സഹോദരിയുടെ കരച്ചില്‍ കേട്ടാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. കുഞ്ഞ് വീടിന്റെ മുന്‍വശത്ത് കിടന്ന് കരയുകയായിരുന്നു.

തുടര്‍ന്ന് അയല്‍ക്കാര്‍ വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് ഏഴ് വയസുകാരനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിനാണ് കുത്തേറ്റിരിക്കുന്നത്. അമ്മയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് ആലുവയില്‍ ജോലിസ്ഥലത്താണ്.