ഇടുക്കി: കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തിൽ ഏറ്റവും വേഗത്തിലുള്ള തീരുമാനമാണ് വേണ്ടതെന്ന് പി.ജെ ജോസഫ്. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ നിലപാട് ഇക്കാര്യത്തിൽ പുറത്ത് വന്നിരുന്നു. അധികാര കൈമാറ്റം നടന്നാൽ അല്ലാതെ ഇനി ഈ വിഷയത്തിൽ ചർച്ചയില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
മുന്നണി നേതൃത്വം ആലോചിച്ചെടുത്ത തീരുമാനം അംഗീകരിക്കാനുള്ള ബാദ്ധ്യത ഒരു ഘടകകക്ഷിക്കുണ്ട്. അത് അംഗീകരിക്കുന്നില്ലെങ്കിൽ മുന്നണിയുടെ ഭാഗമായി തുടരാനുള്ള അർഹത ഘടകകക്ഷിക്കില്ലെന്നും ജോസ് കെ മാണിയെ ഉന്നമിട്ട് പി.ജെ ജോസഫ് പറഞ്ഞു. എൽ.ഡി.എഫിലേക്ക് പോകാനാനുള്ള നീക്കം നടത്തിയിട്ടില്ല. എല്ലാം ജോസ് കെ മാണിയുടെ ഭാവനാസൃഷ്ടിയാണെന്നും അദേഹം ആരോപിച്ചു.
അതേസമയം ഇടത് മുന്നണിയുമായി അടുക്കാൻ ശ്രമിക്കുന്നത് ജോസഫ് വിഭാഗമാണെന്നും മുന്നണി വിടുമോ എന്ന കാര്യം ജോസഫ് വിഭാഗത്തോടാണ് ചോദിക്കേണ്ടതെന്നും ജോസ് കെ മാണി നേരത്തെ പറഞ്ഞിരുന്നു.