
ദുബായ്: വന്ദേഭാരത് മിഷന്റെ ഭാഗമായി യു.എ.ഇയിലേക്ക് ആരേയും കൊണ്ടുവരരുതെന്ന് എയർ ഇന്ത്യയോട് യു.എ.ഇ. മറ്റുള്ള പൗരന്മാർക്കൊപ്പമുള്ളവർക്കും പ്രവേശനമില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ജൂലായ് 22 മുതൽ താമസവിസയുള്ളവർക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് യു.എ.ഇ അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ആളെ കൊണ്ടുവരുന്നതിന് എയർ ഇന്ത്യ അനുമതി തേടിയിരുന്നത്.
ന്യൂഡൽഹിയിലെ യു.എ.ഇ എംബസിയുടെയോ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതി ഉണ്ടെങ്കിലേ ആളുകളെ കൊണ്ടുവരാൻ കഴിയൂ എന്നും അല്ലാതെ ആരേയും രാജ്യത്തേക്ക് കൊണ്ടുവരരുതെന്നും യു.എ.ഇ സർക്കാർ എയർ ഇന്ത്യയെ അറിയിച്ചു. അതേസമയം ഇന്ത്യയിൽ നിന്ന് ആളെ കൊണ്ടുപോകുന്നതിന് എമിറേറ്റ്‌സ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്.