ശ്രീനഗർ: ജമ്മു കശ്‌മീരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലനിൽക്കുന്ന സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. വടക്കൻ കശ്‌മീരിലെ സോപോരിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഹർദ്ശിവ ഗ്രാമത്തിൽ സൈന്യവും സി.ആർ.പി.എഫും ജമ്മു കശ്‌മീർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. ഭീകരതാവളത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് ഇന്നലെ അർദ്ധരാത്രി സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു. തെക്കൻ കശ്‌മീരിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സുരക്ഷാസേന വൻതോതിൽ ഭീകരവിരുദ്ധ നീക്കം നടത്തിയത്. ഒരു മാസത്തിനിടെ മുപ്പതിലധികം ഭീകരരെയാണ് കശ്‌മീരിൽ സൈന്യം വധിച്ചത്.