sidha

സിദ്ധ ചികിത്സ കൊവിഡ് രോഗത്തിന് ഫലപ്രദമാണെന്ന വാദവുമായി തമിഴ്നാട് സർക്കാർ രംഗത്ത്. തമിഴ് നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം 64,000 കടന്ന സാഹചര്യത്തിലാണ് സിദ്ധചികിത്സയെ അനുകൂലിച്ചുകൊണ്ട് സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികൾക്കും രോഗലക്ഷണങ്ങൾ കുറവുള്ളവർക്കും സിദ്ധചികിത്സയിലൂടെ നൂറു ശതമാനം രോഗമുക്തിയാണു ലഭിക്കുന്നതെന്ന് സർക്കാർ പറയുന്നു.ചെന്നൈയിലെ ഒരു കേന്ദ്രത്തിൽ 25 രോഗികൾക്കു രോഗമുക്തി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സിദ്ധചികിത്സ വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണു സംസ്ഥാന സർക്കാർ.

ശാസ്ത്രീയ അടിത്തറയില്ലാത്ത ചികിത്സാരീതികൾ പരീക്ഷിക്കുന്നതു രോഗികളുടെ ജീവനു ഭീഷണിയാകുമെന്ന വാദം മന്ത്രി പി. പാണ്ഡ്യരാജൻ തള്ളിക്കളഞ്ഞു. നൂറു ശതമാനമാണു വിജയനിരക്ക്. ആരുടെയും ജീവൻ അപകടത്തിലാക്കില്ല. സിദ്ധ, യോഗ, ആയുർവേദം എന്നിവ സംയോജിപ്പിച്ചുള്ള ചികിത്സയാണിത്. ജനങ്ങൾക്ക് വിശ്വാസമുണ്ട്. പല കേസുകളുടെയും വിവരങ്ങൾ രേഖപ്പെടുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.

രോഗികൾ ആവശ്യപ്പെടുന്ന മുറയ്ക്കു മാത്രമാണു സിദ്ധ ചികിത്സ നൽകുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചികിത്സ ലഭിച്ച എല്ലാവരും സംതൃപ്തരാണെന്നും അവർ പറഞ്ഞു.വെന്റിലേറ്റർ സഹായം ആവശ്യം വരുന്ന രോഗികൾക്ക് അതു ലഭ്യമാക്കും. ആകെ രോഗികളിൽ മൂന്നു ശതമാനത്തിനു മാത്രമാണ് അതു വേണ്ടിവരുന്നതെന്നും മന്ത്രി പറഞ്ഞു. മുമ്പ് കഭാസുര കുടിനീർ എന്ന സിദ്ധ കഷായം പ്രതിരോധശേഷി വർധിപ്പിക്കാനായി സർക്കാർ നിർദേശിച്ചിരുന്നു. എല്ലാ വീടുകളിലും ഇത് എത്തിച്ചുനൽകുന്നുണ്ട്.