k

തിരുവനന്തപുരം: ഉറവിടം കണ്ടെത്താൻ കഴിയാത്ത രോഗികൾ കൂടുതലുള്ള തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നു.പ്രധാന മാർക്കറ്റുകളിലും കണ്ടെയ്ന്‌മെന്റ് സോണുകളിലും കടുത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കണ്ടെയ്ന്‌മെന്റ് സോണുകൾ ഉൾപ്പെട്ടതോടെ തൃശൂർ നഗരം ഭാഗികമായി അടച്ചിരിക്കുകയാണ്.

നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ പൊലീസുകാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് ഒഴികെയുളള മുഴുവൻ പൊലീസുകാരേയും രംഗത്തിറക്കും. നഗര പ്രദേശങ്ങളിലും ആൾക്കൂട്ടങ്ങൾ ഉള്ളിടത്തും കൂടുതൽ പൊലീസിനെ വിന്യസിക്കും.ഇനി ഉപദേശം വേണ്ടെന്നും കർശന നടപടി സ്വീകരിക്കാനുമാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം.

മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കൂട്ട പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സാമൂഹിക അകലം, മാസ്കുപയോഗം തുടങ്ങിയ നിയന്ത്രണങ്ങൾ കാര്യമായി പാലിക്കാത്ത ഇടങ്ങളാണ് പല മാർക്കറ്റുകളുമെന്ന് വ്യക്തമായതിനാലാണ് ഇവിടങ്ങളിൽ പരിശോധന കൂടുതൽ നടത്താൻ അധികൃതർ തീരുമാനിച്ചത്.പരിശോധന കൂടാതെ പ്രവാസികൾ എത്തിച്ചേരുന്ന വിമാനത്താവളങ്ങളിൽ ആന്റിബോഡി ടെസ്റ്റും ആരംഭിക്കും. ഇത് പോസീറ്റാവായാൽ വിശദ പരിശോധനയ്ക്ക് വിധേയരാകണം.