covid-

തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് കേസുകളും സമൂഹ വ്യാപന സാദ്ധ്യതയും കണക്കിലെടുത്ത് തലസ്ഥാന നഗരിയിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കി. വ്യാപാര സ്ഥാപനങ്ങളിലും നിരത്തുകളിലും പൊലീസും ആരോഗ്യ വകുപ്പും പരിശോധന കടുപ്പിച്ചു. രോഗവ്യാപനം ഭയന്നുള്ള നിയന്ത്രണങ്ങൾ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ കടകളിലും റോഡുകളിലും ആളുകളുടെ തിരക്കിന് നേരിയ കുറവുണ്ടായിട്ടുണ്ട്.

നഗരത്തിലെ പ്രധാന മാർക്കറ്റുകളിൽ കടകളുടെ പ്രവർത്തനം ഒന്നിടവിട്ട ദിവസങ്ങളിലാക്കിയതും പൊതു സ്ഥലത്തും സ്ഥാപനങ്ങളിലും സാമൂഹ്യ അകലവും കൊവിഡ് പ്രോട്ടോക്കോളും ക‌ർശനമാക്കിയതും ആൾക്കൂട്ടവും തിരക്കും കുറയ്ക്കാൻ സഹായകമായി. പൊതുഗതാഗത സംവിധാനങ്ങളിലുൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പരിശോധന പൊലീസിന്റെ നേതൃത്വത്തിൽ ശക്തമാക്കി.

പൊലീസും ആരോഗ്യ പ്രവർത്തകരും നഗരസഭയുടെ ഹെൽത്ത് സ്ക്വാഡും പരിശോധനകൾ വ്യാപിപ്പിച്ചു. അതിന് പിന്നാലെ ഇന്ന് മുതൽ ചാല,​ പാളയം തുടങ്ങി പ്രധാന മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റ്,​ മാളുകൾ എന്നിവിടങ്ങളിലും അമ്പത് ശതമാനം വീതം കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്നാൽ മതിയെന്ന നിർദേശം നിലവിൽ വന്നതാണ് ഇന്ന് തിരക്ക് കുറയാൻ കാരണമായത്.

മത്സ്യം ,​ പച്ചക്കറി,​ പഴവർഗങ്ങൾ തുടങ്ങിയവ കച്ചവടം ചെയ്യുന്നവരെയും ബാധിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് നഗരത്തിലെ കടകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം. സാമൂഹ്യ അകലം പാലിച്ച് മാത്രമാണ് ആളുകളെ കടകളിൽ പ്രവേശിപ്പിക്കുന്നത്. കടകളിലും സ്ഥാപനങ്ങളിലും എത്തുന്നവരുടെ പേരും ഫോൺ നമ്പരും സൂക്ഷിക്കാൻ രജിസ്റ്ററുകളും ഏർപ്പെടുത്തിയിട്ടുണ്ട്.നഗരത്തിലെ യാത്രക്കാരുടെ വിവരങ്ങൾ സൂക്ഷിക്കാൻ ആട്ടോ ടാക്സി വാഹനങ്ങളിൽ ട്രിപ്പ് ഷീറ്റ് ഏർപ്പെടുത്തിരിക്കുകയാണ്.

യാത്രക്കാരുടെ പേരും ഫോൺനമ്പരും ഡ്രൈവ‌ർമാർ സൂക്ഷിക്കണമെന്നാണ് നിബന്ധന. സ്ത്രീയാത്രക്കാർ ബന്ധുക്കളുടെ നമ്പരാണ് നൽകേണ്ടത്. ആട്ടോയിലും ടാക്സികളിലും വാഹനത്തിന്റെയും ഡ്രൈവറുടെ മൊബൈൽ നമ്പരും പ്രദ‌ർശിപ്പിച്ചിരിക്കണമെന്നും ഇത് യാത്രക്കാരും എഴുതി സൂക്ഷിക്കണമെന്നുമുള്ള നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മാസ്ക് ധരിക്കാത്തവർക്കെതിരെ കർ‌ശന നടപടി സ്വീകരിക്കാനാണ് നി‌ർദേശം. കണ്ടെയ്ൻമെന്റ് സോണുകളിലടക്കം അനാവശ്യയാത്രകൾ ഒഴിവാക്കുന്നതിനുള്ള പരിശോധനകളും കർശനമായി.

മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്ൻമെന്റ് സോണിലായ കടകംപള്ളി, കരിക്കകം പ്രദേശങ്ങളിൽ രോഗ നിവാരണപ്രവർത്തനങ്ങൾ ശക്തമാക്കി. സമ്പർക്ക പട്ടികയിലുള്ളവരുടെ സ്രവപരിശോധനയുൾപ്പെടെയുളള നടപടികൾ പുരോഗമിക്കുകയാണ്. ജൂനിയർ ആർട്ടിസ്റ്റായ ആട്ടോ ഡ്രൈവർക്കും കുടുംബത്തിനും രോഗബാധയുണ്ടായതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള കാലടി ജംഗ്ഷൻ, ആറ്റുകാൽ, മണക്കാട് ജംഗ്ഷൻ, ചിറമുക്ക് -കാലടി റോഡ്, ഐരാണിമുട്ടം എന്നിവിടങ്ങളിൽ പ്രധാന റോഡുകളിലേക്കുള്ള ഇടറോഡുകളും അടച്ചിട്ടിരിക്കുകയാണ്. അൺലോക്ക് വൺ ആരംഭിച്ചശേഷം തിരുവനന്തപുരം നഗരത്തിൽ രോഗവ്യാപനത്തിന്റെ തോത് വർദ്ധിച്ച സാഹചര്യത്തിലാണ് നടപടികൾ കടുപ്പിച്ചത്.

കൊവിഡിനെ കൂസാതെ കൂട്ടത്തോടെ പുറത്തിറങ്ങിയ ആളുകൾ സാമൂഹ്യഅകലവും സുരക്ഷാ മാനദണണ്ഡങ്ങളും പാലിക്കാൻ കൂട്ടാക്കാതിരുന്നത് ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചത്. ഒരുകുടുംബത്തിലെ നാലുപേർ ഉൾപ്പെടെ എട്ടുപേർക്ക് സമ്പ‌ർക്കത്തിലൂടെ രോഗം പക‌ർന്നതിന് പുറമേ ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും തിരുവനന്തപുരത്ത് പെരുകിയതാണ് ആരോഗ്യവകുപ്പിന്റെയും സ‌ർക്കാരിന്റെയും ആശങ്കകൾ വർദ്ധിപ്പിച്ചത്. ഇതേ തുടർന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേ‌ർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാനും പരിശോധനകൾ കർശനമാക്കാനുമുള്ള തീരുമാനമുണ്ടായത്.