ന്യൂഡൽഹി: ചൈനീസ് അതിർത്തിയിലെ തന്ത്രപ്രധാന പോസ്റ്റുകളിലെല്ലാം സൈനിക വിന്യാസം ഇന്ത്യ ശക്തമാക്കി. ലഡാക്കിലെ ചൈനീസ് അതിർത്തിയിലെ കൂടുതൽ മേഖലകളിലേക്ക് സൈന്യത്തെ നീക്കാനാണ് തീരുമാനം. യുദ്ധവിമാനങ്ങളുടെ നിരീക്ഷണ പറക്കലുകളും കിഴക്കൻ ലഡാക്കിൽ വർദ്ധിപ്പിച്ചു. സൈനിക പിന്മാറ്റത്തിന് കോർ കമാൻഡർമാരുടെ യോഗത്തിൽ ധാരണയായെങ്കിലും ചൈനയെ വിശ്വസിക്കേണ്ടതില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാരും സൈന്യവും ഉറച്ച് നിൽക്കുകയാണ്.
ഇന്ത്യ-ചൈന സൈന്യങ്ങൾ മുഖാമുഖം നിൽക്കുന്ന കിഴക്കൻ ലഡാക്കിലെ അതിർത്തി പോസ്റ്റുകളിൽ കരസേനാ മേധാവി ജനറൽ എം.എം നർവണെ ഇന്നലെ സന്ദർശനം നടത്തിയിരുന്നു. ജൂൺ 6നും 22നും നടന്ന കോർ കമാൻഡർ യോഗങ്ങളിലെ തീരുമാനങ്ങൾ നടപ്പാക്കുമോ എന്ന കാര്യത്തിൽ ഇന്ത്യക്ക് സംശയങ്ങളുണ്ട്. അതിർത്തിയിൽ ചൈനീസ് ഭാഗത്ത് കൂടുതൽ പ്രദേശങ്ങളിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ യൂണിറ്റുകൾ വിന്യസിക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ കണ്ടെത്തൽ.
ഇതുസംബന്ധിച്ച സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നു. ദൗലത് ബേഗ് ഓൾഡിദേപ്‌സാംഗ് സെക്ടറിൽ ചൈനീസ് സൈനികരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ദൗലത് ബേഗ് ഓൾഡിയിൽ നിന്ന് 23 കിലോമീറ്റർ മാത്രം അകലെ ചൈന പുതിയ സൈനിക പോസ്റ്റ് സ്ഥാപിച്ചു. ഇന്ത്യയുടെ തന്ത്രപ്രധാന എയർ സ്ട്രിപ്പാണ് ദൗലത് ബേഗ് ഓൾഡി. സി130ജെ സൂപ്പർ ഹെർക്കുലീസ് യുദ്ധവിമാനത്തിൽ ദൗലത് ബേഗ് ഓൾഡിയിൽ ഇന്ത്യൻ സൈന്യം ടാങ്കുകൾ എത്തിച്ചതായും സൂചനയുണ്ട്.
ഗൽവാൻവാലി, പാംഗ്‌ഗോംഗ് തടാകം, ഹോട്ട്സ്‌പ്രിംഗ് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റം ധാരണയായെങ്കിലും ഇതിന്റെ സൂചനകളൊന്നും ഇവിടെ ലഭ്യമല്ല. ഗൽവാൻവാലിയിലെ പട്രോളിംഗ് പോയിന്റ് 14ൽ ചൈനീസ് സൈന്യം വീണ്ടും ടെന്റടിച്ചതായും റിപ്പോർട്ടുകളുണ്ട്. പാംഗ് ഗോംഗ് തടാകത്തിലെ ഫിംഗർ 4വരെ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്.