covid-

എനിക്കാവതില്ലേ
പൂക്കാതിരിക്കാൻ

എനിക്കാവതില്ലേ

കണിക്കൊന്നയല്ലേ...
വിഷുക്കാലമല്ലേ...

അയ്യപ്പപണിക്കരുടെ ഈ കവിതാ ശകലം ഓർത്തുപോകുന്നു. കൊറോണക്കാലത്ത് വൈറസിനെതിരെ പോരാടാതിരിയ്ക്കാൻ എനിയ്ക്കാവതല്ല എന്ന് നാമോരോരുത്തരും ചിന്തിയ്ക്കും എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ലാൻസെറ്റ് എന്ന മെഡിക്കൽ ജേർണലിന്റെ ചീഫ് എഡിറ്റർ റിച്ചാർഡ് ഹോർട്ടൺ കോവിഡ് 19 : ദുരന്തം: എന്ന തന്റെ പുതിയ പുസ്തകത്തിൽ ദുരന്തം നേരിടുന്നതിൽ ന്യൂസിലന്റും ഇന്ത്യയിലെ കേരളം എന്ന കൊച്ചു സംസ്ഥാനവും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ചു എന്നു പറയുന്നുണ്ട്. നമ്മുടെ നാടിന്റെ ചരിത്രവും വർത്തമാനവും ഒട്ടേറെപ്പേരുടെ കൂട്ടായ പ്രവർത്തനവും ത്യാഗവും ചേർന്ന് സമ്മാനിച്ചതാണ് ഈ വിജയം.


കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാം, വലിയ മാറ്റങ്ങൾ ആവശ്യമുള്ളപ്പോൾ അത് ജനകീയ ആവശ്യമായി ഉയരുന്നു. അത് ജനസാമാന്യം ഏറ്റെടുക്കുന്നു; വിജയിക്കുന്നു. വടകരയിൽ ഹരിജന സഹായ സമിതിയ്ക്ക് പണപ്പിരിവിനായി എത്തിയ ഗാന്ധിജിയ്ക്ക് തന്റെ ആഭരണങ്ങളെല്ലാം ഊരി നൽകിയ കൗമുദി എന്ന പതിനേഴുകാരി പെൺകുട്ടി നാടിന്റെ അഭിമാനമായി. 'നിന്റെ ത്യാഗം നിന്റെ ആഭരണമാകും' എന്നാണ് മഹാത്മജി അന്ന് അവളുടെ ഓട്ടോഗ്രാഫിൽ കുറിച്ചത്.


മഹാ പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളും നമ്മുടെ ചെറുപ്പക്കാരും കെടുതിയിൽപെട്ടവരെ കരകയറ്റാനായി ഇറങ്ങിത്തിരിച്ചു.
പ്രളയം കേരളത്തിന്റെ മൂന്നിലൊന്നു ജനസംഖ്യയെയാണ് ബാധിച്ചതെങ്കിൽ കൊവിഡ്-19 മഹാമാരി മുഴുവൻ ജനതയെയുമാണ് നീണ്ട കാലത്തേയ്ക്ക് ബാധിച്ചിരിയ്ക്കുന്നത്. നമുക്കുള്ളത് പലതും ത്യജിക്കാൻ നാമോരോരുത്തരും തയ്യാറായാൽ മാത്രമേ ഈ യുദ്ധത്തിൽ നാം വിജയിക്കൂ.


നമ്മുടെ വ്യാപാരി വ്യവസായ ഏകോപന സമിതി തിരുവനന്തപുരം റൂറൽ ജില്ലയിൽ അടുത്ത കാലത്ത് ഒരു നിശബ്ദ വിപ്ലവം നടത്തിയിരുന്നു. എല്ലാ പ്രധാന കവലകളിലും അവർ ജനമൈത്രി പൊലീസുമായി ചേർന്ന് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു. എത്രയോ പൊലീസുകാരെ നിയോഗിക്കുന്നതിനു തുല്യമായ ഫലം ഇതിലൂടെ നാടിനു ലഭിച്ചു! നമ്മുടെ റസിഡന്റ്‌സ് അസോസിയേഷനുകൾ തലസ്ഥാന നഗരത്തിൽ വർഷങ്ങളായി നടത്തുന്ന സുരക്ഷാ പ്രവർത്തനങ്ങൾ മറ്റൊരു ശ്ലാഘനീയ മാതൃകയാണ്.


കൂടുതൽ കൊവിഡ് ടെസ്റ്റുകൾ നടത്തുന്നത് കൊവിഡിനെതിരായ പോരാട്ടത്തിൽ വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്നാൽ ഇതു ഗവൺമെന്റ് മേഖലയിൽ മാത്രമായാൽ ചുരുങ്ങിയ എണ്ണം ചെയ്യാൻ തന്നെ ലഭ്യമായ പണം തികയുകയില്ല. ഏറ്റവുമധികം ടെസ്റ്റുകൾ നടത്തുന്നവർ നിശബ്ദമായി രോഗം പടർത്തുന്ന സൂപ്പർ സ്‌പ്രെഡർമാരെ കണ്ടെത്തി മാറ്റി നിറുത്തുന്നു. അങ്ങനെ സമൂഹവ്യാപനം തടയുന്നു. ടെസ്റ്റുകൾ നടത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ആവശ്യമല്ലേ?

സമ്പദ്‌വ്യവസ്ഥയുടെ നടുവ് ഈ വൈറസ് ഒടിച്ചു കഴിഞ്ഞു. ലോകത്തെ ഏറ്റവും സമ്പന്നരാജ്യങ്ങൾ പോലും പകച്ചു നിൽക്കുന്നു. ഈ സമയത്ത് ഓരോ പൗരനും ഈ യുദ്ധം ജയിക്കാനുള്ള പോരാളിയായി മാറുകയല്ലാതെ മറ്റെന്തു മാർഗം?
ഓരോ വ്യാപാരിയും വ്യവസായിയും തന്റെ കട തുറന്നുവയ്ക്കുന്നെങ്കിൽ തനിയ്ക്കും ജീവനക്കാർക്കും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും അതിനുള്ള സൗകര്യം അടുത്ത ആശുപത്രിയിൽ തങ്ങളുടെ തന്നെ ചെലവിൽ നൽകണമെന്നും ആവശ്യപ്പെട്ട് മുന്നോട്ട് വന്നാലോ? അതുപോലെ തന്നെ ജനങ്ങളുമായി കൂടുതൽ ഇടപഴകുന്നവരെല്ലാവരും? എങ്കിൽ നാളെ വെന്റിലേറ്ററുകളില്ലാതെ നമ്മളിൽ ചിലർ തന്നെ മരിച്ചു വീഴുന്നത് ഒഴിവാക്കാം. പ്രാണവായുവിനായി പിടഞ്ഞ് ആശുപത്രിക്കിടക്ക ലഭിക്കാതെ നമ്മൾ തന്നെ നെട്ടോട്ടമോടുന്നത് ഒഴിവാക്കാം.


നമുക്ക് മറ്റുള്ളവരുമായി ബന്ധപ്പെടേണ്ട തൊഴിലിലേർപ്പെടണമെങ്കിൽ നാം തന്നെ ടെസ്റ്റിനു മുൻ കയ്യെടുക്കേണ്ടേ? എനിയ്ക്ക് ഷുഗറുണ്ടെങ്കിൽ ഞാൻ തന്നെ എന്റെ ഷുഗർ ലെവൽ ഇടയ്ക്ക് ടെസ്റ്റ് ചെയ്യേണ്ടേ? മഹാമാരിയായതിനാൽ ഇതിനേക്കാൾ കൂടിയ ജാഗ്രത ഓരോരുത്തരും കാട്ടേണ്ടതല്ലേ? ജനങ്ങളുടെ കൂട്ടായ ഫണ്ടിലൂടെയോ വ്യക്തികളുടെ മുതൽ മുടക്കിലൂടെയോ പരമാവധി ടെസ്റ്റുകൾ ജനങ്ങളുമായി ഇടപഴകി തൊഴിലെടുക്കുന്ന ഓരോരുത്തർ നടത്തുകയാണ് മറ്റു മുൻകരുതലുകൾക്കൊപ്പം സമൂഹമെന്ന നിലയിൽ നമ്മുടെ നിലനിൽപ്പിനായി നാം ഇന്നു നടത്തേണ്ടത്.


വിജയകരമായ വാക്‌സിൻ കണ്ടെത്തി ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയ്ക്ക് എത്തിച്ചു നൽകാൻ കഴിയുന്നതു വരെ ഇത്തരമൊരു ജനമുന്നേറ്റത്തിലൂടെ നാം ശത്രുവിനെ ചെറുക്കണം. അങ്ങനെ ലോകത്തിനു മാതൃകയാകണം. ഓരോ തവണ പുറത്തിറങ്ങുമ്പോഴും എല്ലാ മുൻകരുതലുകളുമെടുത്തു കൊണ്ട് അത്യാവശ്യത്തിനും തൊഴിലെടുക്കുന്നതിനും വേണ്ടി മാത്രവുമാണോ നാം പുറത്തിറങ്ങുന്നത് എന്നും നാം സ്വയം ചോദിക്കുന്നുണ്ടോ?
പരസ്പരം താങ്ങായും തണലായും നിന്ന് നമ്മുടെ റെസിഡന്റ്‌സ് അസോസി യേഷനുകൾ, വ്യാപാരി വ്യവസായ സംഘടനകൾ തുടങ്ങി എല്ലാ കൂട്ടായ്മകളും വ്യക്തികളും തങ്ങളുടെ താമസസ്ഥലത്ത്/തൊഴിൽ മേഖലയിൽ മഹാമാരി വാഹകരില്ലെന്നു ഉറപ്പു വരുത്താനായി പ്രത്യുൽപ്പന്നമതിത്വത്തോടെ ഇടപെടുമെന്നു പ്രത്യാശിക്കുന്നു.