എൺപതുകളിലെ കലാമൂല്യമുള്ള സിനിമകളിലെല്ലാം അശോകന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു.യവനിക കണ്ടവർക്കൊന്നും അതിലെ വിഷ്ണുവിനെ മറക്കാനാവില്ല.അതു പോലെ ഇടവേളയിലെ തോമസ് ജോണിനെയും. അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. ജീവിതത്തിൽ ഇതുവരെ ആരോടും ചാൻസ് ചോദിച്ചിട്ടില്ല.ഗായകനാകാൻ മോഹിച്ച് നടനായ അശോകന്റെ ജീവിതത്തിലൂടെ ഒരു യാത്ര
അഭിനയം തുടങ്ങിയിട്ട് നാല്പത് വർഷമാകുന്നല്ലോ?
അതെ. പക്ഷേ ഇത്രയും സീനിയറായിട്ടും ഒരു നടനെന്ന നിലയിൽ അർഹിക്കുന്ന പരിഗണന കിട്ടിയിട്ടില്ല . 1978 - ലാണ് സിനിമയിൽ വന്നത്. പത്മരാജൻ സംവിധാനം ചെയ്ത പെരുവഴിയമ്പലത്തിലൂടെ. അന്നു മുതൽ കരുത്തുള്ളതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ മാത്രമാണ് ചെയ്തത്. യവനിക, ഇടവേള, അനന്തരം, തൂവാനത്തുമ്പികൾ,ഒരിടത്തൊരു ഫയൽവാൻ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഒന്നിനൊന്ന് മികച്ചതായിരുന്നു. തൊണ്ണൂറുകൾക്ക്ശേഷം അഭിനയ ജീവിതത്തിൽ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു. പിന്നീട് ചെറിയ റോളുകളിൽ ഒതുങ്ങി. അതിനെക്കുറിച്ച് ആലോചിച്ച് ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. ഈ സമയത്ത് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ അല്പം പ്രയാസപ്പെട്ടു. താരതമ്യേന മോശമല്ലാത്ത സാമ്പത്തിക ചുറ്റുപാടുള്ളതുകൊണ്ട് പിടിച്ചു നിന്നു. എന്തുകൊണ്ട് താങ്കൾക്ക് മലയാളസിനിമയിൽ അർഹിക്കുന്ന ഒരിടം കിട്ടിയില്ലെന്ന് പലരും ചോദിക്കാറുണ്ട് . അതാണ് ഏറ്റവും വലിയ ഊർജം. അതിനെയൊരു അംഗീകാരമായി കാണുന്നു.
സംവിധായകരോട് ചാൻസ് ചോദിച്ചിട്ടുണ്ടോ?
ഒരിക്കലുമില്ല. തുടക്കകാലത്ത് പോലും ആരോടും അവസരം ചോദിച്ചിട്ടില്ല. അത് എന്റെ സ്വഭാവമാണ്. സിനിമയിൽ വന്നതുകൊണ്ട് അത് മാറ്റാനാവില്ലല്ലോ. ആരോടും ഇടിച്ചുകയറി സംസാരിക്കുന്ന പ്രകൃതമല്ല . അതുകൊണ്ട് തന്നെ സമാനചിന്താഗതിക്കാരായ വളരെ ചുരുക്കം സുഹൃത്തുകളെ എനിക്കുള്ളൂ.
സിനിമയിലേക്ക് വന്നത്?
സിനിമയിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നു. അന്നത്തെ നായകസങ്കല്പങ്ങൾക്കെല്ലാം വിരുദ്ധമായ മുഖമായിരുന്നല്ലോ എന്റേത്. മികച്ച വേഷങ്ങൾക്ക് വേണ്ടി സംവിധായകർ എന്നെ തിരഞ്ഞെടുക്കുമ്പോൾ ഞാൻ പോലും അദ്ഭുതപ്പെട്ടിട്ടുണ്ട്. അടിസ്ഥാനപരമായി ഞാനൊരു ഗായകനാണ്. സിനിമയിൽ പാടുകയായിരുന്നു ലക്ഷ്യം. പെരുവഴിയമ്പലത്തിന്റെ പത്രപരസ്യം കണ്ടു ചേട്ടനാണ് എന്റെ ഫോട്ടോയും ബയോഡേറ്റയും അയച്ചത്.
പത്മരാജനാണല്ലോ നല്ല വേഷങ്ങൾ തന്നത്?
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നായിരുന്നു പത്മരാജൻ ചേട്ടന്റെ വേർപാട്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എനിക്ക് ഇന്നത്തെ അവസ്ഥയുണ്ടാകുമായിരുന്നില്ല. എന്നെ ഇപ്പോഴും പ്രേക്ഷകർ തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ്. എന്റെ എല്ലാ വിഷമങ്ങളും പത്മരാജൻ ചേട്ടനുമായി പങ്കുവച്ചിരുന്നു.
പുതുതലമുറ സംവിധായകരെക്കുറിച്ച്?
എന്താണ് അഭിനയിക്കേണ്ടതെന്നു വളരെ കൃത്യമായി പത്മരാജൻ ചേട്ടൻ വായിച്ചുകേൾപ്പിക്കുമായിരുന്നു. ആ വിശദീകരണത്തിൽ നിന്ന് തന്നെ അഭിനയിക്കേണ്ട സീനിനെക്കുറിച്ച് കൃത്യമായ ധാരണ നമുക്ക് കിട്ടും. ഭരതൻ,കെ.ജി. ജോർജ്, അടൂർഗോപാലകൃഷ്ണൻ,ലോഹിതദാസ്, എം.ടി തുടങ്ങിയ മഹാരഥന്മാരായ സംവിധായകരുടെയും എഴുത്തുകാരുടെയും സിനിമകളിൽ അഭിനയിച്ചപ്പോൾ കിട്ടിയ സർഗാത്മകമായ അനുഭൂതി ഇന്നുള്ള സിനിമകളിൽ കിട്ടുന്നില്ല .
സിനിമയിലെ മാറ്റത്തെക്കുറിച്ച്?
കാലത്തിന്റേതായ മാറ്റം മലയാള സിനിമയിലും വന്നിട്ടുണ്ട്. പണ്ടൊക്കെ എല്ലാവരും ഒന്നിച്ചിരുന്നു കൊച്ചുവർത്തമാനവും മറ്റും പറഞ്ഞാണ് ഉച്ചയൂണ് കഴിച്ചിരുന്നത്. ഒരു കുടുംബംപോലെ. ആ കൂട്ടായ്മ ഇന്നില്ല.
ഇൻ ഹരിഹർ നഗറിലെ സൗഹൃദക്കൂ ട്ടായ് മ സിനിമയ്ക്ക് പുറത്തും ഉണ്ടോ?
പലരും എന്നോട് ചോദിക്കുന്ന ചോദ്യമാണത്. ആ സിനിമ അത്രത്തോളം പ്രേക്ഷകരുടെ മനസിൽ പതിഞ്ഞതുകൊണ്ടാണ് അവർ അങ്ങനെ ചോദിക്കുന്നത്. സിനിമയ്ക്ക് പുറത്തു എനിക്ക് അത്തരം സൗഹൃദങ്ങളില്ല. സമയം നല്ലതാണെങ്കിൽ മാത്രമേ ഇത്തരം കൂട്ടുകെട്ടുകൾ ഉണ്ടാകൂ. നമ്മളുടെ സമയം മോശമാണെങ്കിൽ ആരും തിരിഞ്ഞു നോക്കില്ല. സിനിമ പൂർണമായും ബിസിനസാണ്. അവിടെ സൗഹൃദത്തിനു സ്ഥാനമില്ല. വിജയിക്കുന്നവർക്കേ സ്ഥാനമുള്ളു.
അഭിനയിച്ചതിൽ മറക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ?
തുടക്കകാലത്ത് ഞാൻ ചെയ്ത എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചതായിരുന്നു. പെരുവഴിയമ്പലത്തിലേത് കരുത്തുള്ള കഥാപാത്രമായിരുന്നു . തുടക്കക്കാരനായിട്ടും ആ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു. പിന്നീടു പത്മരാജൻ ചേട്ടന്റെ തിരക്കഥയിൽ മോഹൻ സംവിധാനം ചെയ്ത ഇടവേളയിലെ തോമസ് എന്ന കഥാപാത്രം. എന്നാൽ എന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം 1987 ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത അനന്തരം എന്ന ചിത്രത്തിലേതായിരുന്നു.മനോവിഭ്രാന്തി ബാധിച്ച അജയൻ എന്ന കഥാപാത്രം.അതിന് വേണ്ടി ആദ്യം തടി കൂട്ടുകയും പിന്നീടു മനോരോഗം ബാധിച്ച അജയനുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് തടി കുറയ്ക്കുകയും ചെയ്തു. അന്തർദേശീയ തലത്തിൽ അനവധി ചലച്ചിത്രമേളകളിൽ അനന്തരം പ്രദർശിപ്പിച്ചു.
എന്നിട്ടും അവാർഡൊന്നും കിട്ടിയില്ലല്ലോ?
പലപ്പോഴും അദ്ഭുതം തോന്നിയിട്ടുള്ള കാര്യമാണത്. എനിക്ക് ഒരുപാട് അവാർഡു കിട്ടിയെന്ന് വിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട്. ചിലപ്പോഴൊക്കെ അതിൽ വിഷമം തോന്നാറുണ്ട്. ഒരിക്കൽ എന്റെ പേര് മികച്ച രണ്ടാമത്തെ നടനായി പരിഗണിച്ചതാണ്. എന്നാൽ ആ ജൂറിയിലുണ്ടായിരുന്ന ഒരു തിരുവനന്തപുരത്തുകാരൻ എനിക്ക് അവാർഡ് തരുന്നതിനെ ശക്തമായി എതിർത്തു. സിനിമയിലെത്തിട്ട് നാല്പതു വർഷമായി . പ്രതികരിക്കണമെന്ന് തോന്നുന്ന വിഷയങ്ങളിലൊക്കെ പ്രതികരിച്ചിട്ടുണ്ട്. ഉള്ള കാര്യം ഉള്ളതുപോലെ പറയും. ഡിപ്ലോമാറ്റിക് ആയി പറയേണ്ട കാര്യങ്ങൾ അങ്ങനെയേ പറയാവൂ. അപ്രിയസത്യങ്ങൾ പരമാവധി പറയാതിരിക്കാൻ ശ്രമിക്കും.
സിനിമ സമൂഹത്തെ മോശമായി സ്വാധീനിക്കാറുണ്ടോ?
തീർച്ചയായും. പ്രത്യേകിച്ച് ഒരു വലിയ തെറ്റിനെ നായകകഥാപാത്രം ന്യായീകരിക്കുമ്പോൾ . സമീപകാലത്തു മലയാളത്തിൽ ഇറങ്ങിയ സിനിമകളിൽ നിന്നും സ്വാധീനം ഉൾക്കൊണ്ടു ചില കൊലപാതകങ്ങൾ വരെ നടക്കുകയുണ്ടായി . സിനിമകളിലെ തിന്മകളാണ് ജനങ്ങളെ പെട്ടെന്ന് സ്വാധീനിക്കുന്നത്.