അറുപത് പേരുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് പെട്ടെന്നു തന്നെ ഒഴിപ്പിച്ചു, ആറ് പേരെ ആശുപത്രിയിലാക്കി. ഇതിനെല്ലാം കാരണം ഒരു പഴമാണ്. അങ്ങ് ജർമനിയിലാണ് സംഭവം. പോസ്റ്റ് ഓഫീസിൽ എത്തിയ ഒരു പാക്കേജിൽ നിന്ന് വന്ന കഠിനമായ മണം ആശുപത്രിക്കാരെ എല്ലാം പരിഭ്രാന്തിയിലാക്കി. അതോടെ ഓഫീസ് ഒഴിപ്പിക്കേണ്ടിവന്നു. പാക്കേജിൽ നിന്നു പുറത്തുവന്ന ഗന്ധം മൂലം മനംപുരട്ടലുണ്ടായതിനെ തുടർന്നാണ് ആറുപേരെ ആശുപത്രിയിലായത്. ജർമനിയിലെ ഷ്വാൻഫർട്ട് എന്ന സ്ഥലത്താണ് സംഭവം.
പോസ്റ്റ് ഓഫീസിൽ എത്തിയ പാക്കേജിൽ നിന്നുള്ള രൂക്ഷമായ ഗന്ധത്തെ തുടർന്ന് രക്ഷാപ്രവർത്തനം വരെ നടത്തേണ്ടി വന്നു. ആറ് ആംബുലൻസ്, രണ്ട് എമർജൻസി വാഹനം, അഗ്നിശമന വിഭാഗത്തിൽ നിന്നും മൂന്ന് വാഹനം എന്നിവയാണ് സ്ഥലത്ത് എത്തിച്ചേർന്നത്. ഓഫീസിലെത്തിയ പാക്കേജിൽ നിന്നും പ്രത്യേകതരം ഗ്യാസ് ലീക്ക് ആവുന്നുവെന്ന പരിഭ്രാന്തിയെ തുടർന്നാണ് രക്ഷാപ്രവർത്തന സന്നാഹങ്ങൾ എത്തിയത്. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ പാക്കേജിലുള്ളത് ഡുറിയൻ പഴമാണെന്ന് മനസ്സിലായി. ജർമനിയിലെ ന്യൂറൻബെർഗ് എന്ന സ്ഥലത്തുള്ളയാൾ ഷ്വാൻഫർട്ടിലെ സുഹൃത്തിന് അയച്ചതായിരുന്നു ആ പഴങ്ങൾ. ആദ്യഘട്ടത്തിൽ അൽപ്പം പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും പഴം മേൽവിലാസത്തിൽ തന്നെ എത്തിക്കാനും പോസ്റ്റ് ഓഫീസ് അധികൃതർ മറന്നില്ല.
കഠിനമായ ഗന്ധമുള്ള പഴയമാണ് ഡുറിയൻ പഴം. കാഴ്ച്ചയിൽ നമ്മുടെ ചക്ക പോലെ ഇരിക്കും. മുള്ളൻ ചക്ക എന്നും ഇതിനെ പറയാറുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിൽ പ്രസിദ്ധമാണ് ഈ പഴം.പഴുത്തു കഴിഞ്ഞാൽ രൂക്ഷമായ ഗന്ധമുണ്ടാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതാദ്യമായല്ല ഡുറിയൻ പഴം പൊതുസ്ഥലത്ത് പ്രശ്നക്കാരനാകുന്നത്. കഴിഞ്ഞ മേയിൽ ഓസ്ട്രേലിയയിലെ കാൻബെറ സർവകലാശാലയിൽ വാതക ചോർച്ചയുണ്ടായെന്ന സംശയത്തെ തുടർന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചിരുന്നു. ഇതിനും കാരണം ഡുറിയൻ പഴം തന്നെ. ആറ് മിനുട്ടിനുള്ളിൽ 550 പേരെയാണ് സർവകലാശാലയിലെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചത്.
സിംഗപ്പൂരിൽ ഈ പഴം ട്രെയിനിൽ കൊണ്ടു പോകുന്നത് നിരോധിച്ചിട്ടുണ്ട്.