marayoor-

മറയൂർ: വരൻമാർ മൂന്നു പേർ. വധുക്കളും മൂന്നു പേർ. വരൻമാരെല്ലാം തമിഴ്നാട് സ്വദേശികൾ. വധുക്കൾ കേരളിയരും. കല്യാണമാണ് എങ്ങനെ നടത്തും. വില്ലനായി കൊവിഡ് നിൽക്കുന്നത് മാറാൻ കാത്ത് കാത്തിരുന്നു. പക്ഷേ, വില്ലൻ ശക്തിപ്രാപിക്കുന്നതല്ലാതെ മാറുന്നില്ല. പിന്നെന്ത് ചെയ്യും. കല്യാണം നടത്തുക തന്നെ. അത് എവിടെ വച്ച് നടത്തും. വധൂവരൻമാർ രണ്ട് സംസ്ഥാനങ്ങളിൽ നിൽക്കുകയാണ്. ഒടുവിൽ അവർ ഒരു തീരുമാനത്തിലെത്തി. അതിർത്തിയിൽ വച്ച് കല്യാണമാട്ടെ. ഇരുകൂട്ടർക്കും ഇഷ്ടമായപ്പോൾ കേരള - തമിഴ്നാട് അതിർത്തിയായ മറയൂർ ചിന്നാർ അതിർത്തിയിലെ വനപാത കതിർമണ്ഡപമായി.

പയസ്നഗർ കരുംമ്പാറ സ്വദേശി സുഹന്യ ജല്ലിപെട്ടി കുറിച്ചികോട്ട സ്വദേശി മണികണ്ഠനെയും, മിഷൻവയൽ സ്വദേശി വേദക്കനി അമരാവതി സ്വദേശി മുത്തപ്പരാജിനെയും,​ മാട്ടുപെട്ടി കൂടാർവള സ്വദേശി കസ്തൂരി ചെന്നൈ മീനമ്പാക്കം സ്വദേശി നിർമൽരാജിനെയും വരണമാല്യം ചാർത്തി.

ഒരു വിവാഹം ഹൈന്ദവ ആചാര പ്രകാരവും മറ്റ് രണ്ട് വിവാഹങ്ങൾ ക്രിസ്ത്യൻ ആചാര പ്രകാരവുമാണ് നടന്നത്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് കൊണ്ടായിരുന്നു ചടങ്ങുകൾ. പങ്കെടുക്കാനെത്തിയ ബന്ധുക്കളെല്ലാം തമിഴ്നാട് അതിർത്തിയിൽ തന്നെ നിന്നു. വരന്മാർ ചെക്ക്പോസ്റ്റ് കടന്ന് കേരളത്തിലെത്തി. അവിടെ നിന്നുകൊണ്ട് വധുക്കൾ വരണമാല്യം ചാർത്തി. വരൻമാർ താലി ചാർത്തി. അതിർത്തി കടന്നെത്തിയ വധുക്കളെ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി.വധുക്കളുമായി വരന്മാർ തമിഴ്നാട്ടിലെ തങ്ങളുടെ വീട്ടിലേക്ക് പോയി.