കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ സിനിമാമേഖലയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഐ.ജി വിജയ് സാഖറെ വ്യക്തമാക്കി. പ്രതികൾക്ക് ഷംനയുടെ നമ്പർ എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കും. സംഭവത്തിനുപിന്നിൽ സ്വർണക്കടത്തുസംഘങ്ങൾക്കും ബന്ധമുണ്ട്. സ്വർണം കടത്താനാണ് ഇവർ പ്രമുഖരെ സമീപിക്കുന്നത്. പ്രതികൾ നിരവധിപേരെ ലൈംഗിക ചൂഷണം ചെയ്തിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇരകളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നാലുപേർ അറസ്റ്റിലായിട്ടുണ്ട്. ഇനി മൂന്നുപേരാണ് അറസ്റ്റിലാവാനുള്ളത്.ഇതിൽ ഒരാൾക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
വൻസംഘമാണ് ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. ഒരു മോഡലും നടിയും ഉൾപ്പെട്ടെ നിവരധി പേരെ സംഘം തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.ഇതുസംബന്ധിച്ച് രണ്ടുപേർ പ്രതികൾക്കെതിരെ മരട് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സിനിമയിൽ അവസരങ്ങൾ നൽകാമെന്നും മറ്റും വാഗ്ദാനം ചെയ്ത് പണവും സ്വർണവും തട്ടിയെന്നാണ് ഇവരുടെ പരാതി.
ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘത്തിൽ സ്ത്രീകളടക്കം ഉണ്ടായിരുന്നു എന്നാണ് നടി ഷംന കാസിം പറയുന്നത്. വരന്റെ മാതാവായും സഹോദരന്റെ ഭാര്യയായും സ്ത്രീകൾ ഫോണിൽ സംസാരിച്ചിരുന്നതായും വരന്റെ സഹോദരന്റെ മകളാണെന്ന് പരിചയപ്പെടുത്തി ഒരു ചെറിയ പെൺകുട്ടിയും ഫോണിൽ സംസാരിച്ചിരുന്നതായും ഷംന പറഞ്ഞു.
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ നടിക്ക് നിയമസഹായമുൾപ്പെടെയുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.