ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം നന്തൻകോട് സ്വദേശി രാജു ആണ് മരിച്ചത്. കേരള ഹൗസിലെ മുൻ താത്ക്കാലിക ജീവനക്കാരനായിരുന്നു മരിച്ച രാജു. ഔദ്യോഗികമായി പിരിഞ്ഞതിന് ശേഷം കേരളത്തിലേക്ക് പാഴ്‌സൽ സർവ്വീസ് സേവനം നടത്തിവരികയായിരുന്നു.
പഞ്ചാബി സ്വദേശിയാണ് ഭാര്യ. ഡൽഹി മയൂർ വിഹാർ ഫേസ് വണ്ണിലെ ചില്ലാ ഗാവിൽ ആയിരുന്നു താമസം. കൊവിഡ‌് പ്രോട്ടോക്കോൾ പ്രകാരം ഡൽഹിയിൽ തന്നെ ഇദ്ദേഹത്തിന്റെ സംസ്‌കാരം നടത്തി. ഇതോടെ ഡൽഹിയിൽ രോഗബാധിതരായി മരിച്ച മലയാളികളുടെ എണ്ണം 11 ആയി ഉയർന്നു.
ഡൽഹിയിൽ കൊവിഡ് വ്യാപനം ദിനംപ്രതി വർദ്ധിക്കുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം ഡൽഹിയിൽ ഏഴുപത്തിനായിരം കടന്നു. ഇതുവരെ 70390 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3788 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ ഇതുവരെ 2365 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.