വസായി: 'മനുഷ്യത്വമുളളപ്പോഴാണ് നാമെല്ലാം മനുഷ്യരാകുന്നത്.' മഹത്തായ ഈ സന്ദേശം പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന വിവാഹ ദിനത്തിൽ പ്രാവർത്തികമാക്കി ഈ നവ ദമ്പതികൾ. കൊവിഡ് രോഗം ദുരിതം വിതച്ച ഈ കാലത്ത്
വിവാഹ ദിവസം കൊവിഡ് രോഗികൾക്കായി അമ്പത് കിടക്കകൾ സംഭാവന ചെയ്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ വസായിയിലെ എറിൻ ലോബോ, മെർലിൻ തസ്കാനോ എന്നീ ദമ്പതികൾ. വിവാഹത്തിന് വരുന്ന അധിക ചെലവുകൾ ചുരുക്കി ആ പണം ഉപയോഗിച്ച് കൊവിഡ് രോഗബാധിതർക്ക് സഹായമെത്തിച്ച് വിവാഹദിനത്തിൽ തന്നെ അവർ താരങ്ങളായി മാറിയിരിക്കുകയാണ്.
കൊവിഡ് സംസ്ഥാനത്ത് പിടിമുറുക്കിയ ഘട്ടം മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണ് രണ്ടുപേരും. വിവാഹദിനത്തിലും ആ പ്രവൃത്തികൾ തുടരാൻ തന്നെ അവർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് വിവാഹ ചെലവുകൾ വെട്ടിച്ചുരുക്കി ആ പണത്തിന് കിടക്കകൾ, പുതപ്പുകൾ,തലയിണകൾ എന്നിവ കൊവിഡ് രോഗികൾക്ക് നൽകിയത്. ജൂൺ 20നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ ഉടൻ തന്നെ ക്വാറന്റീൻ സെന്ററിലേക്ക് കിടക്കകളും മറ്റും കൈമാറി.
കുടിയേറ്റ തൊഴിലാളികളുടെ കമ്മ്യൂണിറ്റി അടുക്കളകൾക്കായും പ്രവർത്തിച്ചു വരികയാണെന്ന് ദമ്പതികൾ പറഞ്ഞു. രോഗികളെ കൂടുതൽ സഹായിക്കുന്നതിനായി ഇവർ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ ദാനം ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിലുളള ഇവരുടെ ഈ നല്ല പ്രവൃത്തികൾക്ക് നിരവധി പേർ ആശംസകൾ അറിയിച്ചിട്ടുണ്ട്.