മലയാളത്തിൽ നിന്നും ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫർ'. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ ചിരഞ്ജീവി അഭിനയിക്കുന്നുവെന്ന് അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു. 'സാഹോ'യുടെ സംവിധായകൻ സുഗീത് ആണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുക്കുന്നത്. ചിത്രത്തിൽ മഞ്ജുവാര്യരുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ താരം സുഹാസിനി മണിരത്നമായിരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആദ്യം വിജയശാന്തിയെ ആയിരുന്നു ഈ കഥാപാത്രത്തിനായി സമീപിച്ചിരുന്നത് എന്നാൽ മറ്റെന്തോ കാരണത്താൽ വിജയശാന്തി പിൻമാറി. കഥ കേട്ടപ്പോൾ തന്നെ സുഹാസിനി ഓക്കെ പറയുകയായിരുന്നത്രേ. മലയാളത്തിലും ഏറ്റവും കൂടുതൽ ആരാധകരുളള നടിയാണ് സുഹാസിനി. ചിത്രത്തിൽ നടൻ റാണ ദഗ്ഗുബതി അതിഥി വേഷത്തിൽ എത്തുമെന്നും റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്.
ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രം നിർമിക്കുന്നതും ചിരഞ്ജീവി തന്നെ. തന്റെ നിർമാണ കമ്പനിയായ കോണിഡെല പ്രൊഡക്ഷൻസിന്റെ കീഴിലാണ് ചിരഞ്ജിവീ ചിത്രം നിർമിക്കുന്നത്. ഇതിനായി ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് താരം സ്വന്തമാക്കി.
'ആചാര്യ' എന്ന ചിത്രത്തിന്റെ ചിത്രീകരണജോലികൾ പൂർത്തിയാക്കിയാൽ ലൂസിഫർ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കും. മുൻപ് സംവിധായകൻ സുകുമാർ ആയിരുന്നു ചിത്രത്തിന്റെ സംവിധാനറോളിലേക്ക് പരിഗണിക്കപ്പെട്ട വ്യക്തി. എന്നാൽ അല്ലു അർജുൻ ചിത്രം 'പുഷ്പ'യുടെ ചിത്രീകരണത്തിരക്കിൽ ആയതിനാൽ ആ അവസരം സുഗീതിനെ തേടിയെത്തുകയായിരുന്നു. നടൻ പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമായിരുന്നു 'ലൂസിഫർ'. ചിത്രം നേടിയ മികച്ച വിജയം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.