തിരുവനന്തപുരം: വർക്കലയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങളുമായി യുവാവ് പിടിയിലായ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ അന്വേഷണം. വർക്കലയിലെ സ്വകാര്യ വാഹന വിൽപ്പന ഷോറൂമിലെ എക്സിക്യൂട്ടീവ് മേൽവെട്ടൂർ ഭക്തിവിലാസം വീട്ടിൽ ജിഷുലാൽ (35) ആണ് പിടിയിലായത്. ജിഷുലാലിന് ആനക്കൊമ്പ് ശിൽപ്പം കൈമാറിയവരെയും ആനക്കൊമ്പിന്റെ ഉറവിടവും കണ്ടെത്തുന്നതിനാണ് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
സംസ്ഥാനത്തെ ആനവേട്ട സംഘങ്ങളിൽ നിന്നാണോ ആനക്കൊമ്പ് ശിൽപ്പനിർമ്മാണത്തിന് ലഭിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ജിഷുലാലിന് ആനക്കൊമ്പ് കൈമാറിയവരിൽ ഒരാളെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ വനംവകുപ്പ് കൂട്ടാക്കിയിട്ടില്ല. പിടികൂടിയശിൽപ്പം ആനക്കൊമ്പിൽ തീർത്തതാണെന്ന് സ്ഥിരീകരിക്കാൻ ആനക്കൊമ്പിൽ നിന്നുള്ള സാമ്പിൾ, ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.അന്താരാഷ്ട്ര വിപണിയിൽ 15 ലക്ഷം രൂപ ആനക്കൊമ്പിന് വിലവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.. മേൽവെട്ടൂർ ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് ആറരയോടെ എക്സൈസും വനംവകുപ്പും ചേർന്ന് നടത്തിയ റെയ്ഡിലാണ് ജിഷുലാൽ പിടിയിലായത്. ഒന്നര കിലോയുള്ള രണ്ട് ആനക്കൊമ്പ് ശിൽപ്പങ്ങൾ വിൽപ്പനയ്‌ക്കായി സ്വിഫ്റ്റ് കാറിൽ കൊണ്ടുവരികയായിരുന്നു. പരിശോധക സംഘത്തെ കണ്ട് ജിഷുലാൽ ഓടിയെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. മുമ്പും ആനക്കൊമ്പ് കൈമാറ്റം നടത്തിയതായി ഇയാൾ സമ്മതിച്ചു.
വാങ്ങാൻ വന്നവരെ കുറിച്ചും വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേൽവെട്ടൂരിൽ രഹസ്യമായി ഇത്തരം ശിൽപ്പങ്ങളുടെ വ്യാപാരം നടക്കുന്നുവെന്ന് വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മഹേഷിന് ലഭിച്ച വിവരത്തെ തുടർന്ന് ചുള്ളിമാനൂർ ഫോറസ്റ്റ് ഫ്ലൈയിംഗ് സ്‌ക്വാഡിനെ വിവരമറിയിച്ചു. വി ബ്രിജേഷ്, വി സുനിൽ, എം മഹേഷ്, ദേവലാൽ പ്രിൻസ്, മുഹമ്മദ് ഷെരീഫ്, ശ്രീജിത്ത് മിറാൻഡ, വി.സുനിൽ, എം.എസ് ദീപക് മോഹൻ, രാജേഷ് കുമാർ, ജിതീഷ് കുമാർ, ജോഷി എന്നിവരും പരിശോധനാസംഘത്തിലുൾപ്പെട്ടിരുന്നു.